maharashtra-bjp

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായും സൈനികരുടെ പേരിൽ പ്രചാരണം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കോൺഗ്രസ് നേതാവ് സുസ്‌മിതാ ദേവിന്റെ പരാതിയിൽ സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാടു തേടി. പരാതിയിൽ ഉത്തരവിറക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ടെന്നും ചീഫ് ജസ്‌റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് നാളെ വീണ്ടും പരിഗണിക്കും. കമ്മിഷന്റെ നിലപാട് വിവേചനപരവും ഏകപക്ഷീയവുമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

മോദിയും ഷായും തിരഞ്ഞെടുപ്പ് റാലികളിൽ പുൽവാമാ ഭീകരാക്രമണവും ബാലാകോട്ട് വ്യോമാക്രമണവും രാഷ്‌ട്രീയലാഭത്തിനായി ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ പരാതി. സൈനികരുടെ പേരിൽ വോട്ടു പിടിക്കുന്നത് വിലക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിന്റെ ലംഘനമാണെന്നും പരാതിയിലുണ്ട്.