sexual-allegations-agains

സമിതിയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നു

ന്യൂഡൽഹി:ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുന്ന സുപ്രീകോടതിയിലെ മൂന്നംഗ ആഭ്യന്തര സമിതിയിൽ നിന്ന് നീതി ലഭിക്കില്ലെന്നും സമിതി മുൻപാകെ താൻ ഹാജരാകില്ലെന്നും പരാതിക്കാരി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

സമിതിയിലെ അന്തരീക്ഷം ഭയപ്പെടുത്തുന്നു.സമിതിക്ക് മുൻപാകെ ഹാജരാകുമ്പോൾ അഭിഭാഷകനെയോ സഹായിയെയോ അനുവദിക്കില്ല. കമ്മിറ്റി നടപടികളുടെ വീഡിയോ, ഓഡിയോ റെക്കാർഡിംഗ് ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. കടുത്ത മാനസിക സമ്മർദ്ദം കാരണം ഒരു ചെവിയുടെ കേൾവി നഷ്ടപ്പെട്ടു. തന്റെ മൊഴി രേഖപ്പെടുത്തുമ്പോൾ ജസ്റ്റിസ് എസ്.എ ബോബ്ഡെ കോടതി ഉദ്യോഗസ്ഥരോട് പറഞ്ഞത് പലപ്പോഴും കേൾക്കാൻ കഴിഞ്ഞില്ല. പരാതി നൽകാൻ വൈകിയതെന്തെന്ന് കമ്മിറ്റി ആവർത്തിച്ചു ചോദിക്കുകയാണുണ്ടായത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയൽ നിയമം,വിശാഖ മാർഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കണമെന്ന തന്റെ ആവശ്യം കമ്മിറ്റി അംഗീകരിച്ചിട്ടില്ല. കോടതിയിലെ സ്റ്റാഫ് തന്നെയാണ് സാക്ഷികൾ. അവർക്ക് ഭയരഹിതമായി കാര്യങ്ങൾ തുറന്നുപറയാൻ സാധിക്കില്ല . ആദ്യമായി മൊഴി നൽകി മടങ്ങുമ്പോൾ തന്റെ കാറിനെ ബൈക്കിൽ രണ്ടുപേർ പിന്തുടർന്നുവെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനും ജസ്റ്റിസ്മാരായ ഇന്ദുമൽഹോത്ര, ഇന്ദിരാബാനർജി എന്നിവർ അംഗങ്ങളുമായുള്ള സമിതിയാണ് അന്വേഷണം നടത്തുന്നത്.