ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാത്ഥിത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്‌ട്രയിലെ വാർദ്ധയിൽ നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിച്ചു. പ്രസംഗത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതി തള്ളിയാണ് കമ്മിഷൻ തീരുമാനം. ഹിന്ദുക്കളെ പേടിച്ച് രാഹുൽ ഉത്തർപ്രദേശിൽ നിന്ന് ന്യൂനപക്ഷങ്ങളുള്ള വയനാട്ടിലേക്ക് ഒളിച്ചോടിയെന്ന മോദിയുടെ പ്രസംഗം വർഗീയ ചുവയുള്ളതും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കമ്മിഷൻ നടപടിയെടുക്കാത്തത് ചോദ്യം ചെയ്‌ത് കോൺഗ്രസ് നേതാവ് സുസ്‌മിതാ ദേവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പരാതിയിൽ ആരോപിക്കുന്ന തരത്തിൽ പ്രസംഗത്തിൽ കുഴപ്പമില്ലെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ.
അതേസമയം, ബി.ജെ.പി സ്ഥാനാർത്ഥി ജയപ്രദയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സമാജ്‌വാദി പാർട്ടി നേതാവും രാംപൂരിൽ സ്ഥാനാർത്ഥിയുമായ അസംഖാനെ രണ്ടു ദിവസത്തേക്ക് തിരഞ്ഞെടുപ്പിൽ പ്രചരണം നടത്തുന്നതിൽ നിന്ന് കമ്മിഷൻ വിലക്കി.