കൊച്ചി: മുൻ ഡി.ജി.പി ജേക്കബ് തോമസ് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ കിഴക്കമ്പലം ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കില്ല. അദ്ദേഹത്തിന്റെ രാജി സർക്കാർ അംഗീകരിക്കാത്തതിനാലാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നത്. എന്നാൽ ജനാധിപത്യ പ്രക്രിയയിൽ താൻ സജീവമായി രംഗത്തുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസ് രാജിക്കത്തു നൽകി പത്തുദിവസം കഴിഞ്ഞിട്ടും സർക്കാർ തീരുമാനമെടുക്കാത്തതിനാലാണ് മത്സരം ഒഴിവാക്കിയതെന്ന് ട്വന്റി 20 പ്രസിഡന്റും അന്ന കിറ്റെക്സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുറഞ്ഞ സമയത്തിനകം പ്രചാരണപരിപാടികൾ സംഘടിപ്പിക്കാനുള്ള വിഷമവും കണക്കിലെടുത്താണ് പിന്മാറ്റം. രാജി അംഗീകരിക്കാൻ വൈകുന്നതിന് യാതൊരു ന്യായീകരണവുമില്ല. മുപ്പതുവർഷം സർവീസുള്ളവർ വിരമിക്കാൻ അപേക്ഷ സമർപ്പിച്ചാൽ അംഗീകരിക്കുകയാണ് രീതി. മുഖ്യമന്ത്രിയാണ് നടപടി വൈകിപ്പിക്കുന്നതെന്ന് ആക്ഷേപമില്ല. ജേക്കബ് തോമസിനെതിരെ പ്രവർത്തിച്ച ഉദ്യോഗസ്ഥ ലോബിക്ക് ഇതിൽ വലിയ പങ്കുണ്ട്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ സമ്മർദ്ദവും ഉണ്ട്. അദ്ദേഹം മത്സരിക്കുന്നതിൽ ഭയപ്പെടുന്ന പാർട്ടികളും നേതാക്കളുമുണ്ട്.
തിരഞ്ഞെടുപ്പിൽ ട്വന്റി 20യുടെ നിലപാട് വാർഡ് കമ്മിറ്റികൾ ചേർന്ന് തീരുമാനിക്കും. വാർഡ് കമ്മിറ്റി യോഗങ്ങൾ ഒരാഴ്ച കൊണ്ട് അവസാനിക്കും. അടുത്ത ഞായറാഴ്ചയോടെ നിലപാട് പ്രഖ്യാപിക്കും.
ചാലക്കുടിയിലെ സ്ഥാനാർത്ഥികളിൽ ട്വന്റി 20 യെ എതിർക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നത് യു.ഡി.എഫിലെ ബെന്നി ബഹനാനാണ്. എൽ.ഡി.എഫിന്റെ ഇന്നസെന്റ് ഉപദ്രവിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെയർമാൻ ബോബി എം. ജേക്കബ്, സെക്രട്ടറി അഗസ്റ്റിൻ ആന്റണി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ആരെയും കുറ്റപ്പെടുത്തുന്നില്ല
പത്തുദിവസം കാത്തിരുന്നു. ഉത്തരവ് വരുമെന്ന് കരുതിയെങ്കിലും ലഭിച്ചില്ല. വൈകുന്നതിന് ഏതെങ്കിലും വ്യക്തിയെയോ സർക്കാരിനെയോ കുറ്റപ്പെടുത്തുന്നില്ല. നിയമനടപടി ആലോചിച്ച് തീരുമാനിക്കും.
ഞാൻ മത്സരിക്കുന്നില്ല. എങ്കിലും ഇന്നുമുതൽ ജനാധിപത്യപ്രക്രിയയിൽ സജീവപങ്കാളിത്തം ഉണ്ടാകും. പ്രചാരണമെന്നാൽ ചുമരെഴുത്തും പോസ്റ്റർ ഒട്ടിക്കലും മാത്രമല്ല. എന്തൊക്കെയെന്ന് അടുത്ത ദിവസങ്ങളിൽ കാണാം.
- ജേക്കബ് തോമസ്