elephant

കൊച്ചി: വിദേശത്തേക്ക് ആനക്കൊമ്പും ശില്പങ്ങളും കടത്താൻ ആനവേട്ടക്കേസ് പ്രതികളെ സഹായിച്ചിരുന്നത് നേപ്പാളിലെ എയർ കാർഗോ കമ്പനികളാണെന്ന് വിവരം. സിലിഗുരി വഴി നേപ്പാളിലെത്തിക്കുന്ന കൊമ്പുകളാണ് എയർ കാർഗോ കമ്പനികളുടെ സഹായത്തോടെ ജപ്പാൻ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത്. കോടികളുടെ ഇടപാടാണ് നടന്നത്. ഇന്ത്യയിലെ എയർകാർഗോ കമ്പനികൾക്ക് ഇതിൽ പങ്കുണ്ടോയെന്നും വനംവകുപ്പ് അന്വേഷിക്കുന്നുണ്ട്. കേസിലെ മുഖ്യ ഇടനിലക്കാരിയായ സിന്ധു എന്ന കൊൽക്കത്ത തങ്കച്ചിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വ്യക്തത വരൂ എന്നാണ് വനംവകുപ്പ് പറയുന്നത്. അതേസമയം, ജാമ്യത്തിലിറങ്ങിയ കൊൽക്കത്ത തങ്കച്ചി ഒളിവിലാണെന്നാണ് ഔദ്യോഗിക ഭാഷ്യം.2015ൽ വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ മാർച്ച് 26 ന് കൊൽക്കത്ത പൊലീസിന്റെ സഹായത്തോടെയാണ് തങ്കച്ചിയെ അറസ്റ്റ് ചെയ്തത്. അലിപ്പൂർ കോടതി തങ്കച്ചിക്ക് ജാമ്യം നൽകി. ഈ മാസം 23ന് വനം വകുപ്പ് അധികൃതർക്ക് മുന്നിൽ ഹാജരാകണമെന്ന് നിർദ്ദേശത്തോടെയായിരുന്നു ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ തങ്കച്ചി കേരളത്തിലേക്കെത്തിയെങ്കിലും എവിടെയാണന്ന് വനംവകുപ്പിന് വ്യക്തതയില്ല.

അതേസമയം,​ തങ്കച്ചിയുൾപ്പെടുന്ന സംഘം നാട്ടാനകളുടെ കൊമ്പുകളും മുറിച്ച് വിദേശത്തേക്ക് കടത്തിയതായി കൊൽക്കത്ത ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്. ആനയുടമകളുടെ അറിവോടെയാണ് കൊമ്പുകൾ മുറിച്ചു കടത്തിയിരുന്നത്. ദക്ഷിണേന്ത്യക്ക് പുറമെ വടക്ക് കിഴക്കൻ മേഖലകളിൽ നിന്നും കൊമ്പിനായി തങ്കച്ചിയും കൂട്ടരും ആനകളെ വേട്ടയാടി കൊന്നിട്ടുണ്ട്. കേസിൽ 46ാം പ്രതിയായ തങ്കച്ചി കൊൽക്കത്ത കേന്ദ്രീകരിച്ചാണ് വർഷങ്ങളായി ഇടപാടുകൾ നടത്തുന്നത്. തങ്കച്ചിയുടെ ഭർത്താവ് സുധീഷ് ചന്ദ്രബാബു, മകൾ അമിത എന്നിവരും ആനകൊമ്പ് കടത്തുകേസിൽ കൊൽക്കത്തയിൽ റിമാൻഡിലാണ്. ഇവരെയും വിട്ടുകിട്ടിയ ശേഷം മൂന്നുപേരെയും ചോദ്യം ചെയ്താൽ മാത്രമേ കേസിന്റെ യഥാർത്ഥ ചിത്രം വ്യക്തമാകൂ എന്നാണ് വനംവകുപ്പ് പറയുന്നത്.