oommen-chandy

കൊച്ചി: ബി.ജെ.പിക്കെതിരെ ദക്ഷിണേന്ത്യയിൽ ശക്തമായ പോരാട്ടത്തിന് രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം പ്രയോജനപ്പെടുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.രാഹുലിന്റെ സ്ഥാനാർത്ഥിത്വം ദേശീയ രാഷ്ട്രീയത്തിൽ കേരളത്തിനു ലഭിക്കുന്ന അംഗീകാരമാണ്. ബി.ജെ.പി മുന്നേറ്റം തടയാൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ കൂടി മത്സരിക്കണമെന്ന് കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ കോൺഗ്രസ് നേതൃത്വം ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടിരുന്നു.

മൂന്നു സംസ്ഥാനങ്ങളുടെയും കേന്ദ്രബിന്ദു എന്ന നിലയിലാണു വയനാട് തിരഞ്ഞെടുത്തത്. അമേഠിയിലും വയനാട്ടിലും വൻ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിക്കും. ഏതു മണ്ഡലം നിലനിറുത്തുമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്.
രാഹുൽ ഗാന്ധി മത്സരിക്കുന്നതു യു.ഡി.എഫിനു വ്യക്തമായ സ്വാധീനമുള്ള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റിലാണ്. ഇതെങ്ങനെ തെറ്റായ സന്ദേശമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം.

കോൺഗ്രസുമായി സഖ്യം വേണ്ടെന്നു പറഞ്ഞു പിന്മാറിയതു സി.പി.എമ്മാണ്. രാജ്യത്ത് ഏറ്റവും ശക്തമായ പോരാട്ടം വേണ്ടത് ബി.ജെ.പിക്കെതിരെയാണെന്ന വസ്തത സി.പി.എമ്മിന് ബോദ്ധ്യപ്പെട്ടിട്ടില്ല. രാജസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസുമായി ധാരണയ്‌ക്ക് സി.പി.എം തയ്യാറായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.