കൊച്ചി: വിവാദമായ സ്ഥലമിടപാടിൽ നികുതി വെട്ടിച്ച കേസിൽ സീറോ മലബാർസഭയുടെ എറണാകുളം അങ്കമാലി അതിരൂപത മൂന്നു കോടി രൂപ പിഴയടയ്ക്കാൻ ആദായനികുതി വകുപ്പ് നോട്ടീസ് നൽകി. ആദ്യ തവണയായി 55 ലക്ഷം രൂപ അടച്ചു.
കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന മൂന്നേക്കർ സ്ഥലമാണ് യഥാർത്ഥ വിലയിലും കുറച്ച് ആധാരങ്ങളിൽ കാണിച്ച് സഭ വിറ്റഴിച്ചത്.
നികുതി വെട്ടിപ്പിന് പിഴയായി മൂന്നു കോടി രൂപ അടയ്ക്കാൻ വകുപ്പിന്റെ മദ്ധ്യമേഖലാ ഓഫീസാണ് നോട്ടീസ് നൽകിയത്. തുക തവണകളായി അടയ്ക്കാം. കഴിഞ്ഞ ഞായറാഴ്ചയാണ് അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ 55 ലക്ഷം രൂപ അടച്ചത്.
അഞ്ചു സ്ഥലങ്ങൾ വാങ്ങിയവർക്കും ഇടനിലക്കാരനായിരുന്ന സാജു വർഗീസിനും പിഴയടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. പത്തു കോടി രൂപ വീതം അടയ്ക്കാനാണ് നിർദ്ദേശമെന്ന് അറിയുന്നു.
ഇടപാട് നടന്ന 2016 ൽ സഭയുടെ ഫിനാൻസ് ഓഫീസറായിരുന്ന ഫാ. ജോഷി പുതുവയും സാജു വർഗീസും തമ്മിൽ ഒപ്പിട്ട കരാറിൽ സെന്റിന് 16 ലക്ഷം രൂപയാണ് വില. ആധാരത്തിൽ ആറു ലക്ഷമേ രേഖപ്പെടുത്തിയുള്ളൂ.
കരാറിന്റെയും രജിസ്ട്രാർ ഓഫീസുകളിൽ നിന്നുൾപ്പെടെ ശേഖരിച്ച വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയതെന്ന് വകുപ്പ് അധികൃതർ പറഞ്ഞു.
ബാദ്ധ്യതകൾ തീർക്കാൻ വിറ്റത് പുലിവാലായി
മെഡിക്കൽ കോളേജ് ആരംഭിക്കാൻ ലക്ഷ്യമിട്ട് കാലടിക്ക് സമീപം മറ്റൂരിൽ 23.22 ഹെക്ടർ സ്ഥലം 2015 മേയിൽ 60 കോടി രൂപ ബാങ്ക് വായ്പയെടുത്ത് അതിരൂപത വാങ്ങിയിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതായി. ഈ ബാദ്ധ്യത തീർക്കാനാണ് കൊച്ചിയിലെ അഞ്ചിടത്തായി 306.98 സെന്റ് ഭൂമി വിറ്റ് സഭ വിവാദത്തിൽ ചാടിയത്.
മൂന്നു ലക്ഷം മുതൽ 19 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥലത്തിനും കുറഞ്ഞ വില നിശ്ചയിച്ചത്. ഇതുവഴി 27.30 കോടി ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. കരാർ വ്യവസ്ഥകൾ ലംഘിച്ച് 36 പേർക്ക് ഇടനിലക്കാരൻ സ്ഥലം മുറിച്ചുവിറ്റു. എന്നാൽ, 9.13 കോടി മാത്രമേ ഇടപാട് നടന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും അതിരൂപതയ്ക്ക് ലഭിച്ചുള്ളൂ.
ഇടപാടുകൾ സഭയുടെ ബന്ധപ്പെട്ട സമിതികളിൽ ചർച്ച ചെയ്യാതെയും അനുമതി വാങ്ങാതെയുമാണ് നടത്തിയതെന്ന് സഭയിലെ വൈദികർ തന്നെ വെളിപ്പെടുത്തിയതോടെ വൻവിവാദമായി.
വിറ്റഴിച്ച സ്ഥലങ്ങൾ : സെന്റ് കണക്കിൽ
തൃക്കാക്കര നൈപുണ്യ സ്കൂളിന് സമീപം : 70.15
ഭാരത മാതാ കോളേജിന് സമീപം : 62.33
തൃക്കാക്കര കരുണാലയത്തിന് സമീപം : 99.44
കാക്കനാട് നിലംപതിഞ്ഞ മുകളിൽ : 20.35
മരടിൽ : 54.71
പിഴയടച്ചില്ലെങ്കിൽ ജപ്തി
വെട്ടിച്ച നികുതിയും പിഴയും അടയ്ക്കാനാണ് നോട്ടീസ് നൽകിയതെന്ന് ആദായനികുതി വകുപ്പ് ഉന്നതർ കേരളകൗമുദിയോട് പറഞ്ഞു. തുക അടച്ചാൽ നടപടികൾ അവസാനിക്കും. അടച്ചില്ലെങ്കിൽ ജപ്തി നടപടി ഉൾപ്പെടെ സ്വീകരിച്ച് തുക ഈടാക്കും.
അതിരൂപത കടക്കെണിയിൽ
കടുത്ത കടക്കെണിയിലായ അതിരൂപത നോട്ടീസ് ലഭിച്ചതോടെ പണം സമാഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്. ലഭിച്ചുവന്ന ആദായ നികുതി ഇളവ് പോലും നഷ്ടമാകാൻ സാദ്ധ്യതയുണ്ട്.
- റിജു കാഞ്ഞൂക്കാരൻ, കൺവീനർ
അതിരൂപതാ സുതാര്യതാ സമിതി