പെരുമ്പാവൂർ: ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാർഥി ബെന്നി ബഹനാൻ ജന്മനാട്ടിൽ നിന്ന് രണ്ടാംഘട്ട പ്രചാരണം ആരംഭിച്ചു. പെരുമ്പാവൂർ വല്ലം കവലയിൽ നിന്നാരംഭിച്ച തുറന്ന വാഹനത്തിലെ പര്യടനം യു.ഡി.എഫ് മുൻ കൺവീനർ പി.പി.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂരിലെ ചരിത്രത്തിലെ ഏറ്റവും മികച്ച ഭൂരിപക്ഷം ബെന്നി ബെഹനാന് നൽകണമെന്നു തങ്കച്ചൻ പറഞ്ഞു. മോഡി, പിണറായി സർക്കാരുകളുടെ ഭരണത്തിൽ മതേതര ജനാധിപത്യ മൂല്യങ്ങളുടെ മരണമണി മുഴങ്ങുകയാണെന്ന് തങ്കച്ചൻ പറഞ്ഞു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എം യു ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ ബാബു, എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി, ഡി സി സി പ്രസിഡന്റ് ടി ജെ വിനോദ് ,എം എൽ എ മാരായ എൽദോസ് കുന്നപ്പിള്ളി, വി പി സജീന്ദ്രൻ, അൻവർസാദത്ത്, റോജി എം ജോൺ, കെ എസ് യു മുൻ സംസ്ഥാന പ്രസിഡണ്ട് വി.എസ് ജോയ്, യുഡിഎഫ് ജില്ലാ ചെയർമാൻ എം ഒ ജോൺ, പി ജെ ജോയ്, ടി യു രാധാകൃഷ്ണണൻ, ബാബു ജോസഫ്, എം പി അബ്ദുൾ ഖാദർ, ജോർജ് സ്റ്റീഫൻ, കെപിസിസി സെക്രട്ടറിമാരായ ടി. എം സക്കീർ ഹുസ്സൈൻ, അബ്ദുൾ മുത്തലിബ്, ഒ ദേവസി, ഡി സി ഭാരവാഹികളായ ദാനിയേൽ മാസ്റ്റർ, മനോജ് മൂത്തേടൻ, കെ എം എ സലാം, ബേസിൽ പോൾ, ബാബു ജോൺ, പി കെ ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
വല്ലം ജംഗ്ഷനിൽ എത്തിയ സ്ഥാനാർഥി ബെന്നി ബെഹനാനെ യു ഡി എഫ് യുവജനവിഭാഗം പ്രവർത്തകർ സ്വീകരിച്ചു. വാദ്യമേളങ്ങളും കാവടികളുമായി സ്ഥാനാർഥിയെ സ്വീകരിച്ച പ്രവർത്തകർ രാഹുൽഗാന്ധി വയനാട്ടിൽ സ്ഥാനാർഥിയാകുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ലഡു വിതരണം നടത്തി. വല്ലം കവലയിൽ നിന്നാരംഭിച്ച മണ്ഡല പര്യടനം ചേലാമറ്റം, ഒക്കൽ, താന്നിപ്പുഴ, കാവുംപുറം, സിദ്ധൻ കവല, തോട്ടുവാ, അമ്പലപ്പടി വഴി കൂവപ്പടി കുറിച്ചിലക്കോട് സമാപിച്ചു. കടന്നുപോയ വഴിത്താരകളിലെല്ലാം സ്ത്രീകളടക്കമുള്ള വോട്ടർമാർ സ്ഥാനാർഥിയെ കാത്തുനിന്നിരുന്നു. രാഷ്ട്രീയത്തിൽ പിച്ചവച്ചു തുടങ്ങിയ വഴിത്താരകളിലൂടെ കടന്നുവന്ന നാട്ടുകാരൻ കൂടിയായ സ്ഥാനാർഥിക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചത്. സ്വീകരണ ശേഷം ഹ്രസ്വമായ പ്രസംഗം. വാഗ്ദാനങ്ങളില്ലാതെ, ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടാകും എന്ന ഉറപ്പ് മാത്രം നൽകി.