ldf
ചെങ്ങമനാട് പൊയ്ക്കാട്ടുശ്ശേരി കാവ് പരിസരത്ത് ചക്കയുമായി അരീക്കൽ മറിയാമ്മ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിനെ സ്വീകരിക്കുന്നു

ആലുവ: ആലുവ നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടത് സ്ഥാനാർത്ഥി ഇന്നസെന്റിനെ ജനങ്ങൾ പഴവർഗങ്ങൾ നൽകിയാണ് സ്വീകരിച്ചത്. ചൂർണിക്കരയിലേയും ചെങ്ങമനാട്ടെയുമെല്ലാം ഇടറോഡുകളിൽ കാത്തുനിന്ന ഇടത്തരക്കാരായ കർഷകരാണ് കൃഷിയിടങ്ങളിൽ കായ്ച ചക്കയും മാങ്ങയുമെല്ലാമായി സ്വീകരിക്കാനെത്തിയത്.

പൊയ്ക്കാട്ടുശ്ശേരി കാവ് പരിസരത്ത് കയ്യിലൊരു ചക്കയുമായി അരീക്കൽ മറിയാമ്മയും മള്ളുശ്ശേരിയിൽ കർഷകൻ ആന്റണിയുമാണ് ഇന്നസെന്റിനെ കാർഷികഫലങ്ങളുമായി സ്വീകരിക്കാനെത്തിയത്. എം.പിയായിരുന്ന അഞ്ചു വർഷം നടപ്പാക്കിയതും തുടക്കമിട്ടതുമായ വികസനപദ്ധതികളാണ് കൂടുതൽ ജനപ്രിയനാക്കിയിരിക്കുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു. ആലുവ റെയിൽവേ സ്റ്റേഷൻ വികസനത്തിന് അനുവദിച്ച 3.5 കോടി, സർക്കാർ ആശുപത്രിയിയ്ക്കനുവദിച്ച മാമ്മോഗ്രാം, അൾട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റുകൾ, സീപോർട്ട്എയർപോർട്ട് റോഡിന്റെ ആലുവ ഭാഗത്തെ വികസനത്തിന് അനുവദിച്ച 480 കോടി, ആലുവ പുറയാർ റെയിൽവേ ഓവർബ്രിഡ്ജ് അനുമതി തുടങ്ങി മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും പ്രതിഫലിക്കുന്ന വികസനപദ്ധതികൾക്ക് മുൻകൈയെടുക്കാൻ കഴിഞ്ഞതാണ് സ്‌നേഹത്തിന് കാരണമെന്ന് ഇന്നസെന്റ് പറഞ്ഞു.

പര്യടനത്തിനിടെ ദേശത്ത് ആലുവയുടെ സ്വന്തം കവി എൻ.കെ. ദേശത്തെയും കുടുംബത്തെയും വീട്ടിൽ ചെന്ന് കണ്ട് അനുഗ്രഹം തേടി.

രാവിലെ ചൂർണിക്കരയിലെ മുട്ടം തൈക്കാവിൽ നിന്നാരംഭിച്ച് ചൂർണിക്കര, ആലുവ, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നിവടങ്ങളിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോയി രാത്രി 7.30ന് കൊണ്ടോട്ടിയിൽ സമാപിച്ചു. സമ്മേളനം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം വി. സലിം, എൽ.ഡി.എഫ് മണ്ഡലം ചെയർമാൻ കെ.ഐ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. ഇന്ന് ചാലക്കുടി നിയമസഭാ മണ്ഡലത്തിലാണ് ഇന്നസെന്റിന്റെ പര്യടനം.