inchody

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ സ്ഥല വില്പന അന്വേഷിക്കാൻ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് നിയമിച്ച ജോസഫ് ഇഞ്ചോടി കമ്മിറ്റി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. ഇന്നലെ വൈകിട്ടാണ് ഡോ. ഇഞ്ചോടി സീൽ ചെയ്ത കവറിൽ റിപ്പോർട്ട് ബിഷപ്പിന് കൈമാറിയത്. റോമിലെ പൗരസ്ത്യസഭാ സമിതിയുടെ തലവൻ കർദ്ദിനാൾ സാന്ദ്രിക്ക് റിപ്പോർട്ട് കൈമാറും. സ്ഥലവില്പന വിവാദമായതോടെ 2018 ജൂണിൽ ജേക്കബ് മനത്തോടത്തിനെ അതിരൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്ററായി മാർപ്പാപ്പ നിയോഗിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ അന്വേഷിപ്പിച്ച് റിപ്പോർട്ട് രഹസ്യമായി കൈമാറാനും വത്തിക്കാൻ ബിഷപ്പിനോട് നിർദ്ദേശിച്ചു.

രാജ്യാന്തര ഏജൻസിയായ കെ.പി.എം.ജിയെയും സ്ഥലങ്ങളുടെ മൂല്യം കണക്കാക്കാക്കാൻ മറ്റൊരു സ്വകാര്യ ഏജൻസിയെയും നിയമിച്ചു. കർദ്ദിനാളും ബിഷപ്പുമാരും ഉൾപ്പടെ 80 ലേറെപ്പേരിൽ നിന്ന് കമ്മിഷൻ മൊഴിയെടുത്തു. കെ.പി.എം.ജി റിപ്പോർട്ട്, സ്ഥലവില നിർണയ റിപ്പോർട്ട്, സഭാ സമിതികളുടെ രേഖകൾ തുടങ്ങിയവ ആധാരമാക്കിയാണ് റിപ്പോർട്ട് കമ്മിറ്റി തയ്യാറാക്കിയത്.