കോലഞ്ചേരി: യാത്രയ്ക്കിടയിൽ പണം കൈയിലുണ്ടോ..? പണി വരുന്ന വഴി അറിയില്ല സാറേ.. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത പണം കണ്ടെത്തുന്നതിന് സ്ക്വാഡ് പണി തുടങ്ങിക്കഴിഞ്ഞു. പണത്തിന്റെ ഉറവിടം കൈയിൽ കരുതാതെ പണം കൊണ്ടു നടക്കരുതെന്ന് സാരം. ഇത്തരത്തിൽ രേഖകളില്ലാതെ കൈയിൽ സൂക്ഷിക്കുന്ന പണം പിടിച്ചെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമുണ്ട്.
അമ്പതിനായിരം വരെയുള്ള തുകയ്ക്കുള്ള ഉറവിടം പരിശോധകർക്കു മുന്നിൽ വ്യക്തമാക്കണം. അതിനു മുകളിലായാൽ എവിടെ നിന്ന്, എന്തിന്, ആരു മുഖേന, എപ്പോൾ ലഭിച്ചു തുടങ്ങിയ കാര്യങ്ങളും പറഞ്ഞേതീരൂ. ഇതിനായി രസീതുകളും ബില്ലുകളും പണം പിൻവലിച്ച രേഖകളും ഒപ്പം കരുതണം. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ പിടിച്ചെടുക്കുന്ന പണം ആദായ നികുതി വകുപ്പിന് കൈമാറും. ഈ തുക ട്രഷറിയിലടയ്ക്കും. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ മാത്രമേ തുക തിരികെ ലഭിക്കൂ.