high-court

കൊച്ചി : കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ട് രേഖകൾ ചമച്ചെന്നാരോപിച്ചെടുത്ത കേസ് റദ്ദാക്കാൻ സീറോ മലബാർസഭ മുൻ പി.ആർ.ഒ ഫാ. പോൾ തേലക്കാട്ട്, എറണാകുളം - അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്ത് എന്നിവർ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

സീറോ മലബാർ ചർച്ച് ഇന്റർനെറ്റ് മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കൊച്ചി സിറ്റി കമ്മിഷണർക്ക് നൽകിയ പരാതിയിലാണ് ഫെബ്രുവരി 25ന് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. തുടർന്ന് സംഭവം നടന്നത് തൃക്കാക്കര സ്റ്റേഷന്റെ പരിധിയിലാണെന്ന് കണ്ടെത്തി അവിടേക്ക് കൈമാറി. വ്യാജരേഖകൾ ഫാ. പോൾ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിന് കൈമാറിയെന്നും പിന്നീട് കർദ്ദിനാളിന്റെ നിർദ്ദേശപ്രകാരം രേഖകൾ ജനുവരിയിൽ നടന്ന സിനഡിൽ സമർപ്പിച്ചെന്നും പരാതിയിൽ പറയുന്നു. തനിക്ക് രഹസ്യബാങ്ക് അക്കൗണ്ടുകളില്ലെന്ന് കർദ്ദിനാൾ വ്യക്തമാക്കിയതോടെ സംഭവത്തെക്കുറിച്ച് പരാതി നൽകാൻ സിനഡ് തീരുമാനിച്ചു. ഇതനുസരിച്ചാണ് പരാതി നൽകിയത്. കേസിൽ ഫാ. പോൾ തേലക്കാട്ടിനെയും ബിഷപ്പ് മനത്തോടത്തിനെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുക്കുകയായിരുന്നു.