കൊച്ചി : കൊച്ചിയിലെ സ്‌റ്റാർട്ടപ്പ് കമ്പനിയായ സർവേ സ്‌പാരോയിൽ ബംഗളൂരുവിലെ പ്രൈം വെഞ്ചർ പാർട്ണേഴ്‌സ് 14 ലക്ഷം ഡോളറിന്റെ (ഏകദേശം പത്തു കോടി രൂപ ) സീഡ് ഫണ്ട് നിക്ഷേപം നടത്തി. ലളിതമായി ഉപയോഗിക്കാവുന്ന, ചാറ്റ് രൂപത്തിലുള്ള സർവേ സോഫ്‌റ്റ്‌വെയറാണ് സർവേ സ്പാരോ. പ്ലാറ്റ്ഫോം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും പുതിയ ഫണ്ട് ഉപയോഗിക്കുമെന്ന് സി.ഇ.ഒയും സഹസ്ഥാപകനുമായ ഷിഹാബ് മുഹമ്മദ് പറഞ്ഞു.
20,000ത്തോളം സർവേകൾക്ക് സർവേ സ്‌പാരോ ഉപയോഗിച്ചിട്ടുണ്ട്.108 രാജ്യങ്ങളിൽ 8,000 ത്തോളം ഉപഭോക്താക്കളുണ്ട്. പേ സേഫ്, ഫെഡ്എക്‌സ്, എസ്.എ.പി., സീമെൻസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതിലുൾപ്പെടുന്നു. 2017ലാണ് സഹപാഠികളായ ഷിഹാബ് മുഹമ്മദ്, സുബിൻ സെബാസ്‌റ്റ്യൻ എന്നിവർ ചേർന്ന് സർവേ സ്‌പാരോയ്ക്ക് തുടക്കമിട്ടത്. കൊച്ചിയിലും കാലിഫോർണിയയിലെ പാലോഓൾട്ടോയിലും ഓഫീസുണ്ട്.
മികച്ച ടീമിന്റെ പിന്തുണയും വിദഗ്ദ്ധരായ സ്ഥാപകരുമാണ് സർവേ സ്‌പാരോയുടെ കരുത്തെന്ന് പ്രൈം വെഞ്ചേഴ്‌സ് മാനേജിംഗ് ഡയറക്‌ടർ അമിത് സൊമാനി പറഞ്ഞു.