periya-murder

കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സി.ബി.ഐക്കു വിടണമെന്നാവശ്യപ്പെട്ട് ഇവരുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പത്തു പ്രതികളുള്ള കേസിൽ ഒമ്പതു പേരെ അറസ്റ്റ് ചെയ്തെന്നും ഒരാൾ വിദേശത്താണെന്നും സർക്കാർ അഭിഭാഷകൻ ബോധിപ്പിച്ചു. തുടർന്നാണ് പത്തു ദിവസത്തിനകം രേഖാമൂലമുള്ള വിശദീകരണം നൽകാൻ നിർദ്ദേശിച്ച് കേസ് മാറ്റിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർ ഫെബ്രുവരി 17 നാണ് കൊല്ലപ്പെട്ടത്. രാഷ്ട്രീയ വൈരാഗ്യത്തെത്തുടർന്ന് സി.പി.എം പ്രവർത്തകരാണ് കൊല നടത്തിയതെന്നും നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും വ്യക്തമാക്കി കൃപേഷിന്റെ മാതാപിതാക്കളായ കൃഷ്ണൻ, ബാലാമണി എന്നിവരും ശരത് ലാലിന്റെ മാതാപിതാക്കളായ സത്യനാരായണൻ, ലളിത എന്നിവരുമാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.