election-2019

കൊച്ചി: ചാലക്കുടിയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഇന്നസെന്റ് രണ്ടാംവട്ടം മത്സരത്തിനിറങ്ങിയതിനു പുറമേ, തൃശൂരിൽ ഓർക്കാപ്പുറത്ത് സുരേഷ് ഗോപി എൻ.ഡി.എ സ്ഥാനാർത്ഥിയായി വന്നതോടെ മേഖല മൊത്തത്തിൽ താരമയം. ചാലക്കുടിയിൽ ഇന്നസെന്റിനെ നേരിടുന്നത് രാഷ്‌ട്രീയ താരങ്ങളാണ്- യു.ഡി.എഫ് കൺവീനർ ബെന്നി ഹെഹനാനും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനും. പോരാട്ടം മുറുകവേ ചാലക്കുടി തിളയ്‌ക്കുന്നു.

ഇനി മത്സരത്തിനില്ലെന്ന് ഇന്നസെന്റ് നേരത്തേ പറഞ്ഞിരുന്നതാണ്. പക്ഷേ, പാർട്ടി വിട്ടില്ല. പ്രാദേശിക സി.പി.എം നേതാക്കൾക്കളുടെ വിയോജിപ്പ് സംസ്ഥാന നേതൃത്വം പറഞ്ഞൊതുക്കി. സഖാവ് ഇന്നസെന്റ് എന്നാണ് ചുമരെഴുത്തുകൾ. അഞ്ചു വർഷത്തിനിടെ നടപ്പാക്കിയ 1,750 കോടിയുടെ വികസന പദ്ധതികളാണ് ഇന്നസെന്റിന്റെ തുറുപ്പുചീട്ട്. മുമ്പ് ഒരു എം.പിയും ഇത്രയും വികസനം മണ്ഡലത്തിൽ കൊണ്ടുവന്നിട്ടില്ലെന്ന് എൽ.ഡി.എഫ് അവകാശപ്പെടുന്നു.

എം.പി ആയിരുന്ന കെ.പി. ധനപാലനെ മാറ്റി കഴിഞ്ഞ തവണ പി.സി. ചാക്കോയെ മത്സരിപ്പിച്ചത് കോൺഗ്രസിൽ പൊട്ടലും ചീറ്റലുമുണ്ടാക്കിയിരുന്നു. ഇന്നസെന്റിന്റെ വിജയത്തെ അതും സ്വാധീനിച്ചെന്നാണ് കണക്ക്. ഇക്കുറി യു.ഡി.എഫ് വോട്ടുകൾ ചോരാനിടയില്ല. അതിനൊപ്പം ശബരിമല വിഷയം സ്വാധീനിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനെ മറികടക്കാനുള്ള തന്ത്രങ്ങളിലാണ് എൽ.ഡി.എഫ്. തൃശൂർ ജില്ലയിലെ കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങൾ ഇടതുപക്ഷത്താണ് എന്നതും ധൈര്യം പകരുന്നു.

മുന്നണി കൺവീനർ ബെന്നി ബഹനാനാണ് സ്ഥാനാർത്ഥി എന്നത് യു.ഡി.എഫ് പ്രവർത്തകരെ ആവേശഭരിതരാക്കുന്നു. ചാലക്കുടിയിൽ ഉൾപ്പെട്ട പെരുമ്പാവൂർ സ്വദേശിയാണ് ബെന്നി. കഴിഞ്ഞ നിയമസഭയിലേക്ക് തൃക്കാക്കരയിൽ നിന്ന് വീണ്ടും മത്സരിക്കാൻ കഴിയാതിരുന്ന ബെന്നിക്കു ലഭിച്ച അംഗീകാരം കൂടിയാണ് ലോക്‌സഭാ സ്ഥാനാർത്ഥിത്വം. കോൺഗ്രസിലെ പുതുതലമുറ നേതാക്കളിൽ പ്രമുഖൻ. മണ്ഡലത്തിലെ ബന്ധങ്ങളും പരിചയവും, ഇവിടെ സ്വാധീനമുള്ള യാക്കോബായ സമുദായക്കാരനാണ് എന്നതും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

ഭൂരിപക്ഷം തിരഞ്ഞെടുപ്പിലും യു.ഡി.എഫിനൊപ്പമായിരുന്ന ചാലക്കുടി ഇക്കുറി ഇടതുപക്ഷത്തു നിന്ന് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് ബെന്നി. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ മുന്നണിക്കുഴപ്പങ്ങൾ ഇപ്പോഴില്ല. യു.ഡി.എഫ് ഒറ്റക്കെട്ട്. വികസനത്തെക്കുറിച്ചുള്ള ഇന്നസെന്റിന്റെ അവകാശവാദം പൊള്ളയാണെന്നും, മുൻ എം.പിമാർ തുടങ്ങിവച്ച പദ്ധതികളാണ് അവയെന്നുമാണ് യു.ഡി.എഫ് വാദം. പ്രളയം ദുരിതം വിതച്ച മണ്ഡലത്തിൽ എം.പിയുടെ സാന്നിദ്ധ്യമുണ്ടായില്ലെന്നും പരാതിയുണ്ട്.

പള്ളിക്കേസിൽ എൽ.ഡി.എഫിനെ പൊതുവെ അനുകൂലിക്കുന്ന നിലപാട് യാക്കോബായ സഭ സ്വീകരിക്കുന്നത് യു.ഡി.എഫിനെ തെല്ല് ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാൽ, ബെന്നി ബഹനാനോട് അനുകൂല നിലപാട് സ്വീകരിക്കുമെന്ന് സഭയിലെ ഉന്നതർ അറിയിച്ചിട്ടുണ്ടെന്ന് നേതാക്കൾ പറയുന്നു.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണനാണ് എൻ.ഡി.എ സ്ഥാനാർത്ഥി. മുമ്പ് ചാലക്കുടിയിൽ മത്സരിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസ് ഒപ്പമുള്ളതിനാൽ മണ്ഡലത്തിലെ നിർണായകമായ ഈഴവ വോട്ടുകൾ ലഭിക്കും. ശബരിമല വിഷയത്തിൽ സെക്രട്ടറിയേറ്റിനു മുന്നിലും തൃപ്തി ദേശായിയെ തടയാൻ നെടുമ്പാശേരിയിലും രാധാകൃഷ്ണൻ മുന്നിലുണ്ടായിരുന്നു. അതിനാൽ ഹിന്ദു വോട്ടുകൾ അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.ഡി.എയും ബി.ജെ.പിയും. പ്രചാരണം രണ്ടാഴ്‌ച പിന്നിട്ടെങ്കിലും മണ്ഡലത്തിൽ രാഷ്ട്രീയ വിഷയങ്ങൾ സജീവ ചർച്ചയാകാൻ തുടങ്ങുന്നതേയുള്ളൂ.