കൊച്ചി : കഴിഞ്ഞ വർഷം 16 താത്കാലിക മുൻസിഫ് - മജിസ്ട്രേട്ടുമാരെ നിയമിച്ചതു റദ്ദാക്കിയ സിംഗിൾബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. താത്കാലിക നിയമനം ചട്ടപ്രകാരമല്ലെന്ന സിംഗിൾബെഞ്ചിന്റെ കണ്ടെത്തലിനെതിരെ ഹൈക്കോടതി രജിസ്ട്രാർ (സബോർഡിനേറ്റ് ജുഡിഷ്യറി) നൽകിയ അപ്പീൽ തള്ളിയാണ് വിധി.

2018 ജൂൺ 18 നാണ് താത്കാലിക മുൻസിഫ് - മജിസ്ട്രേട്ട് നിയമനങ്ങൾക്ക് യോഗ്യരായവരിൽ നിന്ന് സന്നദ്ധത അറിയിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി ഒഫിഷ്യൽ മെമ്മോറാണ്ടവും മാർഗ നിർദേശങ്ങളും പുറപ്പെടുവിച്ചത്. ഹൈക്കോടതി, കീഴ്ക്കോടതികൾ, അഡ്വക്കേറ്റ് ജനറൽ ഒാഫീസ്, നിയമ വകുപ്പ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ നിയമനത്തിന് പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം 2018 ജൂൺ ഒന്നിന് 52 വയസ് തികയാത്തവരായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിൽ നിയമനത്തിന് യോഗ്യത ഉള്ളവരെ ഒഴിവാക്കി സ്വേച്ഛാപരമായാണ് ഒഫിഷ്യൽ മെമ്മോറാണ്ടവും മാർഗനിർദ്ദേശങ്ങളും ഹൈക്കോടതി ഭരണ വിഭാഗം തയ്യാറാക്കിയതെന്നാരോപിച്ച് കേരള സിവിൽ ജുഡിഷ്യൽ സ്റ്റാഫ് ഒാർഗനൈസേഷൻ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് ഇൗ നിയമനങ്ങൾ റദ്ദാക്കിയത്. നിയമനാധികാരിയായ ഗവർണർ ഹൈക്കോടതിയുമായി കൂടിയാലോചിച്ചാണ് ഇത്തരം നിയമനങ്ങൾക്കുള്ള നിയമങ്ങൾ തയ്യാറാക്കിയിട്ടുള്ളതെന്നും ഇതിൽ മാറ്റം വരുത്തുന്നത് സ്വേച്ഛാപരമാണെന്നതിനാൽ അത്തരം നിയമനങ്ങൾ അസാധുവാകുമെന്നും ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

അടിയന്തര ഘട്ടങ്ങളിൽ പൊതുതാത്പര്യം കണക്കിലെടുത്ത് താത്കാലിക നിയമനങ്ങൾക്ക് ഇളവു നൽകാമെങ്കിലും ഒന്നോ രണ്ടോ നിയമനങ്ങൾക്കേ ഇത് ചെയ്യാനാവൂ. 16 ഒഴിവുകളിലേക്ക് സാദ്ധ്യമല്ല. മാത്രമല്ല, അടിയന്തര സാഹചര്യം കണക്കിലെടുത്ത് നിയമത്തിൽ ഇളവു നൽകി നിയമനം നടത്താൻ തീരുമാനിച്ചതായി ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് സമിതിയുടെ ഫയലിൽ പറയുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.