-kerala-high-court

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിൽ രജിസ്ട്രാർ ഉൾപ്പെടെയുള്ള ഉന്നതരുടെ നിയമന കാലാവധി വെട്ടിക്കുറച്ച് സർക്കാർ കൊണ്ടുവന്ന ഓർഡിനൻസ് ഹൈക്കോടതി ശരിവച്ചു. പുതിയ ഒാർഡിനൻസിനെതിരെ കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. അബ്ദുൾ മജീദ്, എം.ജി സർവകലാശാല ഫിനാൻസ് ഒാഫീസർ എബ്രഹാം ജെ. പുതുമന, പരീക്ഷാ കൺട്രോളർ എം. തോമസ് ജോൺ തുടങ്ങിയവർ നൽകിയ ഹർജികൾ തള്ളിയാണ് ഡിവിഷൻബെഞ്ച് വിധി പറഞ്ഞത്.

സർവകലാശാലകളിലെ രജിസ്ട്രാർ, ഫിനാൻസ് ഒാഫീസർ, പരീക്ഷാ കൺട്രോളർ എന്നീ പദവികളിലെ നിയമന കാലാവധിയാണ് സർക്കാർ ഒാർഡിനൻസിലൂടെ വെട്ടിക്കുറച്ചത്. ഇൗ പദവികളിൽ നാലുവർഷം പിന്നിടുകയോ 56 വയസ് തികയുകയോ ചെയ്താൽ സ്ഥാനം ഒഴിയണമെന്നാണ് ഒാർഡിനൻസിൽ പറയുന്നത്. ഇത്തരമൊരു ഒാർഡിനൻസ് ദുരുദ്ദേശ്യപരവും നിയമവിരുദ്ധവുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം.

എന്നാൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ശുപാർശ പ്രകാരമാണ് ഒാർഡിനൻസ് കൊണ്ടുവന്നതെന്ന് സർക്കാർ വാദിച്ചു. രജിസ്ട്രാർ ഉൾപ്പെടെ സർവകലാശാലയുടെ ഉന്നത പദവിയിലിരിക്കുന്നവരെ സാധാരണ ജീവനക്കാരെപ്പോലെ കാണാൻ കഴിയില്ല. പല നിർണായക ചുമതലകളുമുള്ള ഇവരുടെ സേവന, വേതന വ്യവസ്ഥകളും വ്യത്യസ്തമാണെന്ന് സർക്കാർ വിശദീകരിച്ചു. സർവകലാശാലകളിലെ ഉന്നത പദവികളിലെ നിയമന കാലാവധി ഏകീകരിക്കണമെന്ന വിദഗ്ദ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ കൊണ്ടുവന്ന ഒാർഡിനൻസിൽ അപാകതയില്ലെന്നും അധികാര പരിധിക്കുള്ളിൽ നിന്നുള്ള നടപടിയാണിതെന്നും ഹൈക്കോടതി വിലയിരുത്തി. ഏതാനും വ്യക്തികൾക്ക് ഒാർഡിനൻസ് ബുദ്ധിമുട്ടുണ്ടാക്കിയെന്ന കാരണത്താൽ ഇടപെടാൻ കഴിയില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി. നേരത്തേ സിംഗിൾബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. എന്നാൽ ഹർജികളിലെ ഇടക്കാല ആവശ്യമായിരുന്ന സ്റ്റേ അനുവദിച്ചില്ല. ഇതിനെതിരെ ഹർജിക്കാർ അപ്പീൽ നൽകിയപ്പോൾ ഡിവിഷൻബെഞ്ച് ഹർജികൾ വിളിച്ചുവരുത്തി പരിഗണിക്കുകയായിരുന്നു.