കൊച്ചി: വിവാദമായ സ്ഥലമിടപാട് കേസിൽ ആദായ നികുതി അടച്ചതായി എറണാകുളം അങ്കമാലി അതിരൂപത സ്ഥിരീകരിച്ചു. പിഴയല്ല, സ്വാഭാവിക തുകയാണ് അടച്ചതെന്നാണ് ഒൗദ്യോഗിക വിശദീകരണം.
പിഴയടച്ചെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് അതിരൂപതാ വക്താവ് ഫാ. പോൾ കരേടൻ വിശദീകരിച്ചു. 2016- 17 സാമ്പത്തിക വർഷത്തിൽ അതിരൂപതയ്ക്കു സ്ഥല വില്പനയിലൂടെ ലഭിച്ച വരുമാനത്തിൽ സ്വാഭാവികമായി നൽകേണ്ട നികുതിയിനത്തിലെ ആദ്യഗഡുവാണ് നൽകിയത്. റിട്ടേൺ സമർപ്പിച്ചതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് നിർദ്ദേശിച്ച തുകയാണിതെന്നാണ് വാർത്താക്കുറിപ്പിൽ സഭ അറിയിച്ചത്.
2016- 17 സാമ്പത്തിക വർഷത്തിലാണ് വിവാദമായ സ്ഥലമിടപാട് നടന്നത്. രണ്ടു വർഷം കഴിഞ്ഞിട്ടും തുക അടയ്ക്കാത്ത സാഹചര്യത്തിലാണ് നോട്ടീസ് നൽകി ഈടാക്കാൻ നടപടി ആരംഭിച്ചതെന്ന് ആദായനികുതി വകുപ്പ് അധികൃതർ പറഞ്ഞു. നിശ്ചിത സമയത്തിനകം തുക അടയ്ക്കാത്തതും വിലയിൽ കുറവു കാണിച്ചത് കണ്ടെത്തിയുമാണ് നടപടികൾ. മൂന്നു കോടി രൂപ ഈടാക്കാനുള്ള നടപടികൾ തുടരുമെന്ന് അധികൃതർ പറഞ്ഞു.
വിശ്വാസികൾ പ്രതിഷേധത്തിൽ
സീറോ മലബാർ സഭയ്ക്കും സഭാതലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും പേരുദോഷം വരുത്തിയ സ്ഥലമിടപാട് വീണ്ടും ചൂടുപിടിച്ചതോടെ വിശ്വാസികളും പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. കർദ്ദിനാളിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഇന്നലെ തൃക്കാക്കര സി.ജെ.എം കോടതിയുടെ ഉത്തരവും വന്നതോടെ കൂടുതൽ പ്രതിഷേധത്തിന് അതിരൂപതാ സുതാര്യതാ സമിതി ഉൾപ്പെടെ രംഗത്തുവരും.
ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട തുക നൽകുന്നതോടെ അതിരൂപത കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് വിശ്വാസികൾ. നിലവിലെ കടങ്ങൾ തന്നെ തീർക്കാനും പലിശ അടയ്ക്കാനും പോലും വിഷമിക്കുകയാണ് അതിരൂപത. കാക്കനാട്ടുൾപ്പെടെ സമീപ കാലത്തും കണ്ണായ സ്ഥലങ്ങൾ വിറ്റഴിച്ച് സാമ്പത്തികബാദ്ധ്യത തീർക്കാൻ ശ്രമിക്കുകയാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു.