cyro

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്പനക്കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി, അതിരൂപതാ മുൻ ഫിനാൻസ് ഒാഫീസർ ഫാ. ജോഷി പുതുവ, ഭൂമി വാങ്ങിയ ഇടനിലക്കാരൻ സാജു വർഗീസ് എന്നിവർക്കെതിരെ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി കേസെടുത്തു. നേരിട്ട് ഹാജരാകാൻ ഇവർക്ക് സമൻസ് നൽകാനും കോടതിയുത്തരവിൽ പറയുന്നു.

സാജു വർഗീസിന് അനധികൃത നേട്ടമുണ്ടാക്കുന്ന തരത്തിൽ ഭൂമി വില്പന നടത്തിയെന്നതിനാൽ വിശ്വാസ വഞ്ചനക്കുറ്റം പ്രഥമദൃഷ്‌ട്യാ നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി.

വിവാദ ഭൂമിക്കച്ചവടത്തിലൂടെ അതിരൂപതയ്ക്ക് വൻ നഷ്ടം സംഭവിച്ചെന്നാരോപിച്ച് പെരുമ്പാവൂർ പുല്ളുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ പരാതിയിലാണ് കോടതി നടപടി. കർദ്ദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി, 406, 423 എന്നീ വകുപ്പുകൾ പ്രകാരമുള്ള വിശ്വാസ വഞ്ചന, ഗൂഢാലോചന, കൃത്രിമവും വ്യാജവുമായ രേഖകളുപയോഗിച്ച് ഇടപാടുകൾ നടത്തുക തുടങ്ങിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വിലയിരുത്തി.

പരാതിയിൽ പറയുന്ന തരത്തിൽ ഇവർക്കെതിരെ വഞ്ചന, പൊതുസേവകൻ എന്ന നിലയിലുള്ള വിശ്വാസ വഞ്ചന, നഷ്ടമുണ്ടാകുമെന്നറിഞ്ഞുകൊണ്ടുള്ള തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കില്ല. തുടർന്ന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 409, 418, 420, 465,467,468 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കി. കോടതി സമൻസ് നൽകാൻ നിർദ്ദേശിച്ച സാഹചര്യത്തിൽ നേരിട്ട് ഹാജരായി ജാമ്യമെടുക്കുകയോ കേസ് റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കുകയോ വേണം.

അതിരൂപതയ്ക്കു മെഡിക്കൽ കോളേജ് തുടങ്ങാനായി കാലടിക്ക് സമീപം മറ്റൂരിൽ 23.22 ഹെക്ടർ സ്ഥലം ബാങ്ക് വായ്പയെടുത്ത് വാങ്ങിയിരുന്നു. പദ്ധതി ഉപേക്ഷിച്ചതോടെ വായ്പ തിരിച്ചടയ്ക്കാൻ കൊച്ചിയിൽ അതിരൂപതയുടെ കൈവശമുണ്ടായിരുന്ന 306.98 സെന്റ് ഭൂമി വിറ്റ നടപടിയാണ് കേസിനാധാരം. 27.30 കോടി രൂപ ലഭിക്കേണ്ട സ്ഥാനത്ത് 9.13 കോടി രൂപ മാത്രമാണ് ലഭിച്ചത്. അതിരൂപതയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ കൈവശക്കാരായ കർദ്ദിനാളും ഫിനാൻസ് ഒാഫീസറായിരുന്ന ഫാ. ജോഷി പുതുവയും ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷേപം.