കൊച്ചി: പ്രൊഫ. കെ.വി തോമസിനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഇക്കുറി ഒഴിവാക്കിയ രീതിയിൽ പാളിച്ച പറ്റിയെന്ന് മുൻ യു.ഡി.എഫ് കൺവീനർ പി.പി തങ്കച്ചൻ. കോൺഗ്രസിലെ സമുന്നത നേതാക്കളിൽ ഒരാളാണ് കെ.വി തോമസ്. മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ അദ്ദേഹം സ്വയം ഒഴിയുമായിരുന്നു. ടി.വി ചാനലിലൂടെ ഇത്തരം കാര്യങ്ങൾ അറിയുകയെന്നത് ഏതൊരാളെയും വിഷമിപ്പിക്കും. വൈകാരിക പ്രതികരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത് ഇതാണ്. തോമസ് മാഷുമായി ഫോണിൽ സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നുംമറ്റും വിട്ട് നിൽക്കുകയാണെന്നെല്ലാം പറഞ്ഞ് പരത്തിയത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയായിരുന്നു. പി.പി തങ്കച്ചൻ 'ഫ്ലാഷി'നോട് സംസാരിക്കുന്നു:
രാഹുൽ തരംഗം അലയടിക്കും
രാഹുൽ ഗാന്ധിയുടെ വരവോടെ ഞാനടക്കമുള്ള കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണ്. ഇരുപത് മണ്ഡലങ്ങളിലും രാഹുൽ തരംഗം അലയടിക്കുമെന്ന് മാത്രമല്ല, തമിഴ്‌നാട്ടിലും കർണാടകയിലും കോൺഗ്രസ് നിലമെച്ചപ്പെടുത്തും. മോദി സർക്കാരിന് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളോടാണ് പ്രിയം. രാജ്യത്തെ രണ്ട് തരത്തിൽ വിഭജിക്കുകയാണ് അവർ. ഇത് തുറന്ന് കാട്ടുകയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നത്. ബി.ജെ.പിയുടെ സമുന്നത നേതാക്കൾവരെ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചിട്ടുണ്ട്. തോൽവി ഭയന്ന് ഓടിയെന്ന് പറയുന്നവർ ഇക്കാര്യങ്ങൾ മറന്ന് പോകരുത്.
മുന്നണിയിൽ ഭിന്നതയില്ല
കോൺഗ്രസിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതും പിന്നീടുണ്ടായ സ്ഥാനാർത്ഥി നിർണയ ചർച്ചകളും പ്രചാരണത്തെ ഒരുപരിധി വരെ ബാധിച്ചിരുന്നു. എന്നാൽ, പിന്നീട് ഒട്ടും പിന്നോട്ട് പോയില്ല. മുന്നിൽ തന്നെയുണ്ട് യു.ഡി.എഫ്. മുന്നണിയിൽ ഭിന്നതയില്ല. അങ്ങനെ വരുത്തിതീർക്കാനാണ് എതിരാളികളുടെ ശ്രമം. ചാലക്കുടി മണ്ഡലത്തിലാണ് എന്റെ വോട്ട്. കഴിഞ്ഞ തവണത്തെ പോലെയല്ല മണ്ഡലത്തിലെ കാര്യങ്ങൾ. ഇത്തവണ ചാലക്കുടി യു.ഡി.എഫ് തിരിച്ച് പിടിക്കും. എറണാകുളം യു.ഡി.എഫിന്റെ കോട്ടയാണ്. ഇത് ഹൈബി നിലനിറുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. ശാരീരിക ബുദ്ധിമുട്ടുമൂലം പഴയപോലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമല്ലെങ്കിലും പെരുമ്പാവൂരിൽ പരിപാടികളിൽ നിന്നും വിട്ടുനിൽക്കാറില്ല.
ബി.ജെ.പി പച്ച തൊടില്ല
വർഗീയ കാർഡ് ഇറക്കി വോട്ട് പിടിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. മുമ്പും ഇത് പയറ്റിയിട്ടുണ്ട്. എന്നാൽ, പ്രബുദ്ധരായ മലയാളികൾ അതിലൊന്നും വീണിട്ടില്ല. ഇനിയൊട്ട് വീഴുകയുമില്ല. കേരളത്തിൽ 10 സീറ്റ് നേടുമെന്നാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. എന്നാൽ, പച്ചതൊടില്ല. കേരളത്തിൽ ഇടതുപക്ഷമാണ് കോൺഗ്രസിന്റെ മുഖ്യശത്രു. എത്ര പയറ്റിയാലും വയനാട്ടിൽ രാഹുലിനെ തോൽപ്പിക്കാനാവില്ല. ഭാവി പ്രധാനമന്ത്രിയാണ് വയനാട്ടിൽ മത്സരിക്കുന്നത്.