yechuri

കൊച്ചി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യാ ഹരിദാസിനെതിരെ ഇടുതുമുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ എ.വിജയരാഘവൻ നടത്തിയ മോശം പരാമർശം സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എറണാകുളം പ്രസ് ക്‌ളബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെടേണ്ടതില്ല.സ്‌ത്രീകളെ അധിക്ഷേപിക്കുന്നത് സി.പി.എമ്മിന്റെ രീതിയല്ല.സ്‌ത്രീപക്ഷ നിലപാടുകളിൽ വിട്ടുവീഴ്ചയുമില്ല.വ്യക്തിപരമായ ആക്ഷേപങ്ങൾ പാർട്ടിയുടെ നയമാകില്ല. പപ്പു പ്രയോഗം ആരംഭിച്ചത് ബി.ജെ.പിയാണ്. അത് ദേശാഭിമാനിയിൽ വന്നത് സംസ്ഥാന നേതൃത്വം പരിശോധിക്കും. ബി.ജെ.പിയെ താഴെയിറക്കുകയും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം സംഖ്യങ്ങളെക്കുറിച്ച് ആലോചിക്കും. നിർണായക തിരഞ്ഞെടുപ്പിൽ ആരാണ് മുഖ്യശത്രുവെന്ന് കോൺഗ്രസ് വ്യക്തമാക്കണം. മതേതര സ്വഭാവത്തോടെ ഇന്ത്യയെ നിലനിറുത്താൻ കഴിയുമോയെന്നതാണ് തിരഞ്ഞെടുപ്പിലെ പ്രധാന ചോദ്യം. അതിനായി തിരഞ്ഞെടുപ്പിൽ ഇടുതപക്ഷത്തിന്റെ ശക്തി വർദ്ധിക്കണം.കേരളത്തിൽ 20 സീറ്റും നേടാനാകുമെന്നാണ് പ്രതീക്ഷ.