കൊച്ചി: വയനാട് മേപ്പാടിയിലെ ഡി.എം. വയനാട് ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥികളുടെ ബിരുദദാനം ഗവർണർ പി. സദാശിവം ആറിന് നിർവഹിക്കും. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.എം.കെ.സി നായർ മുഖ്യാതിഥിയാകും. 130 പേരാണ് പഠനം പൂർത്തിയാക്കിയത്.
2013ൽ ആരംഭിച്ച മെഡിക്കൽ കോളേജ് മികച്ച വിജയമാണ് കൈവരിച്ചതെന്ന് ആസ്‌റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെയും ഡി.എം. എജ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെയും ചെയർമാനായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 33 ഫസ്‌റ്റ് ക്ളാസുൾപ്പെടെ 96 ശതമാനം വിജയം ആദ്യ ബാച്ച് നേടി. ബിരുദാനന്തര ബിരുദ കോഴ്സുകൾ അടുത്തവർഷം ആരംഭിക്കും. 2025ൽ രാജ്യത്തെ മികച്ച പത്തു മെഡിക്കൽ കോളേജുകളിൽ ഒന്നായി ഡി.എം .വിംസ് മാറുമെന്നും അദ്ദേഹം പറഞ്ഞു. നഴ്സിംഗ് കോളേജ്, ഫാർമസി കോളേജ് എന്നിവയും അനുബന്ധമായി പ്രവർത്തിക്കുന്നുണ്ട്. ആദിവാസികൾക്ക് സൗജന്യ ചികിത്സ ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികളും നടപ്പാക്കിയിട്ടുണ്ട്.
കണ്ണൂർ, ബംഗളൂരു എന്നിവിടങ്ങളിൽ ഉടൻ പുതിയ ആശുപത്രികൾ ആരംഭിക്കും. തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിൽ 2021ൽ ആശുപത്രികൾ തുറക്കും. 1,500 കിടക്കകൾ ഇവയിലുണ്ടാകും. ആയിരം കോടി രൂപ ഇതിനായി ചെലവഴിക്കും. ആസ്‌റ്റർ ഹോസ്‌പിറ്റൽസ് ആൻഡ് ക്ളിനിക്‌സ് ഇന്ത്യയുടെ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള, മെഡിക്കൽ കോളേജ് ഡീൻ ഡോ. ആന്റണി സിൽവർ ഡിസൂസ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.