കൊച്ചി : മൂന്നാറിലെ ചിന്നക്കനാലിൽ ഭൂമി പതിച്ചു നൽകൽ അപേക്ഷ നിരസിച്ചതിനെതിരെ എട്ടുപേർ നൽകിയ ഹർജിയിൽ സർക്കാർ സംശയമുന്നയിച്ചതിനെത്തുടർന്ന് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഭൂമി പതിച്ചു നൽകാനുള്ള അപേക്ഷ സ്പെഷ്യൽ തഹസീൽദാർ നിഷേധിച്ചതിനെതിരെ കോട്ടയം സ്വദേശിനി ശിഖ ഷിജു ഉൾപ്പെടെ എട്ടുപേർ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. 1960 മുതൽ കൈവശമുള്ള ഭൂമിയിൽ കാപ്പി, യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ കൃഷി ചെയ്തു വരികയാണെന്നും ഭൂമി പതിച്ചു നൽകാനുള്ള അപേക്ഷ തഹസീൽദാർ നിഷേധിച്ചത് നിയമവിരുദ്ധമാണെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ഹർജിക്കാർ അവകാശപ്പെടുന്ന ഭൂമി സർക്കാർ പുറമ്പോക്ക് ഭൂമിയാണെന്നും ഇവിടെ കൃഷിയൊന്നുമില്ലെന്നും വ്യക്തമാക്കി ദേവികുളം സബ് കളക്ടർ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ഭൂമാഫിയയും കൈയേറ്റക്കാരും ചേർന്ന് മൂന്നാറിൽ ഭൂമി കൈവശപ്പെടുത്താൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്നും ഇതു ഫലപ്രദമായി ചെറുക്കുന്നുണ്ടെന്നും സബ് കളക്ടർ വിശദീകരിച്ചിരുന്നു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചത്. ഒത്തുകളിയിൽ റവന്യു ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതു കൂടി അന്വേഷിക്കണമെന്നും ഇതിന് വിജിലൻസ് അന്വേഷണമാണ് ഉചിതമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. ഹർജികൾ ജൂൺ നാലിന് വീണ്ടും പരിഗണിക്കും.