sabarimala

കൊച്ചി : ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഹർത്താൽ, പ്രതിഷേധ സമരങ്ങളെത്തുടർന്ന് ശബരിമല കർമ്മ സമിതി, ബി.ജെ.പി നേതാക്കൾക്കെതിരെ 200 ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. ശബരിമല കർമ്മ സമിതിയടക്കമുള്ള സംഘടനകൾ നടത്തിയ ഹർത്താലിനെതിരെ തൃശൂർ സ്വദേശി ടി.എൻ. മുകുന്ദൻ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയ്ക്കെതിരെ 250 ലേറെ കേസുകൾ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ 242 കേസുകൾ രജിസ്റ്റർ ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ഒ. രാജഗോപാൽ എം.എൽ.എ, ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്‌ണൻ, ടി.പി. സെൻകുമാർ, അഡ്വ. ഗോവിന്ദ് കെ. ഭരതൻ, ആർ.വി. ബാബു തുടങ്ങിയവർക്കെതിരെയും 200 ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.