കൊച്ചി : കടുത്ത വേനൽചൂടിനെത്തുടർന്ന് ഗൗൺ ഒഴിവാക്കി ഹാജരായ തന്നെ വാദിക്കാൻ തിരുവനന്തപുരം അഡി. ജില്ലാ കോടതി അനുവദിച്ചില്ലെന്ന ഹർജിയിൽ തിരുവനന്തപുരം സ്വദേശി അഡ്വ. ജെ.എം. ദീപക്കിന് ഗൗൺ ധരിക്കാതെ കീഴ്ക്കോടതികളിൽ ഹാജരായി വാദം നടത്താൻ ഹൈക്കോടതി അനുമതി നൽകി. മാർച്ച് 23 നാണ് ദീപക് ഗൗൺ ഒഴിവാക്കി കേസ് വാദിക്കാൻ അഡി. ജില്ലാ കോടതിയിൽ ഹാജരായത്. എന്നാൽ ഗൗൺ ധരിച്ചാലേ വാദം നടത്താൻ അനുവദിക്കൂവെന്ന് കോടതി വ്യക്തമാക്കി. ബാർ കൗൺസിൽ നിഷ്കകർഷിച്ചിട്ടുള്ള ഒൗദ്യോഗിക വസ്ത്രം ധരിച്ചിട്ടുണ്ടെന്ന് ദീപക് ചൂണ്ടിക്കാട്ടിയെങ്കിലും ഇതു കോടതി അനുവദിച്ചില്ല. ഹൈക്കോടതി രൂപം നൽകിയ ചട്ടത്തിലെ റൂൾ 12 പ്രകാരം പറയുന്ന വേഷമല്ല വക്കീൽ ധരിച്ചിരിക്കുന്നതെന്നും ഗൗൺ നിർബന്ധമാണെന്നും വ്യക്തമാക്കി കോടതി ഇൗ ആവശ്യം നിരസിച്ചു. കേസ് ജൂൺ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെതിരെ നൽകിയ ഹർജിയാണ് സിംഗിൾബെഞ്ച് പരിഗണിച്ചത്. വേനൽച്ചൂട് കണക്കിലെടുത്ത് ഹർജിക്കാരന് ജില്ലാ കോടതിയടക്കമുള്ള കീഴ്ക്കോടതികളിൽ ഗൗൺ ധരിക്കാതെ ഹാജരായി വാദം നടത്താനാവുമെന്ന് ഹൈക്കോടതി വിശദീകരിച്ചു. എന്നാൽ ഹൈക്കോടതിയുടെ ചട്ടത്തിൽ പറയുന്ന തരത്തിലുള്ള ഡ്രസ്കോഡ് പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം വേനൽച്ചൂട് കടുത്ത സാഹചര്യം കണക്കിലെടുത്ത് ഗൗൺ ഒഴിവാക്കാൻ അനുവദിക്കണമെന്ന അഭിഭാഷകരുടെ അപേക്ഷ ഹൈക്കോടതി ഭരണ വിഭാഗത്തിന്റെ പരിഗണനയിലുണ്ട്.