charles-and-team
ചാൾസ് വി​ജയും സംഘാംഗങ്ങളായ വിനു കൃഷ്ണൻ, സുജിത് സോമൻ, അനൂപ് സെബാസ്റ്റ്യൻ, ജിതിൻ ഷാജി എന്നിവരും ചെത്ത് യന്ത്രവുമായി​

കൊച്ചി: ജോലികൾ ഒന്നൊന്നായി യന്തിരന്മാർ കൊണ്ടുപോവുകയാണ്. കള്ളു ചെത്താനും ഹൈടെക് യന്ത്രമായി. ചേറ്റുകത്തി വേണ്ട. കുല കെട്ടണ്ട. മുട്ടേണ്ട. ചെളിവേണ്ട. മൂന്നു നേരം തെങ്ങിൽ കയറുകയും വേണ്ട. ചെത്തും മുട്ടും കെട്ടും കള്ളെടുപ്പുമെല്ലാം യന്ത്രം ചെയ്യും. കള്ള് ട്യൂബു വഴി താഴെയെത്തും. ചാൾസ് വിജയ് വർഗീസ് എന്ന ചെറുപ്പക്കാരനായ എൻജിനിയറാണ് യന്ത്രം രൂപകല്പന ചെയ്തത്. കുലയുടെയും കള്ളിന്റെയും യന്ത്രത്തിന്റെയും വിവരങ്ങൾ മൊബൈൽ ആപ്പിലൂടെ സമയാസമയം ഫോണിലെത്തും. ചെത്തിന് ലൈസൻസ് വേണ്ടെന്നു വച്ചാൽ ആർക്കും പൂക്കുലയിൽ യന്ത്രം പിടിപ്പിച്ച് ദിവസവും നീരയോ കള്ളോ ചെത്താം. ചെലവും വളരെ കൂടില്ല. വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിക്കുമ്പോൾ ഒരു യന്ത്രത്തിന് പരമാവധി 7000-10000 രൂപ. നീരയുടെ നല്ലകാലത്ത് തെങ്ങുചെത്താൻ ആളെ കിട്ടാനില്ലെന്ന വാർത്തകളാണ് ആലുവ സ്വദേശി ചാൾസ് വിജയ് എന്ന എൻജിനിയറുടെ മനസിൽ

ചെത്തുയന്ത്രത്തെക്കുറിച്ചുളള ആശയം മിന്നിച്ചത്. ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ബിടെക്കുകാരനായ ചാൾസ് ഗൾഫിലെ പണിയും കളഞ്ഞ് 2017 മുതൽ ചെത്തുയന്ത്രത്തിന് പിറകെയായിരുന്നു. കളമശേരി കിൻഫ്രയിലെ സ്റ്റാർട്ടപ്പ് കോംപ്ളക്സിൽ നവ ഡിസൈൻ ആൻഡ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഇതിനായി തുടങ്ങി. വിനു കൃഷ്ണൻ, സുജിത് സോമൻ, അനൂപ് സെബാസ്റ്റ്യൻ, ജിതിൻ ഷാജി എന്നിവരും ചാൾസിന്റെ ഭാര്യ നീനുലാലും ഒപ്പംകൂടി. ആലുവ സ്വദേശി സുകുമാരൻ എന്ന ചെത്തുകാരനും സഹായിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനും ഭാരത് പെട്രോളിയവും ഗ്രാന്റ് അനുവദിച്ചു. 2017ൽ തന്നെ ആദ്യയന്ത്രം പിറവിയെടുത്തു. വീട്ടിലെ തെങ്ങിലും പാലക്കാട്ടെ ഒരു തോപ്പിലുമായിരുന്നു പരീക്ഷണങ്ങൾ. തെങ്ങിൻ തോപ്പുകളിൽ ഏറെ അനുയോജ്യമാണ് ഈ യന്ത്രം. മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ പൂക്കുല മാറ്റാൻ വേണ്ടി മാത്രം ചെത്തുകാരൻ കയറിയാൽ മതിയാകും. സോളാർ പാനലുമുണ്ട്. കാലാവസ്ഥാമാറ്റമൊന്നും യന്ത്രത്തെ ബാധിക്കില്ല. ഇന്ത്യൻ പേറ്റന്റും അന്താരാഷ്ട്ര പേറ്റന്റുമെടുത്തു. തെങ്ങുകൃഷിയുള്ള 12 രാജ്യങ്ങളിൽ കൂടി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. കേട്ടറിഞ്ഞ് നാളികേരം വിളയുന്ന ശ്രീലങ്ക, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചാൾസിനെ തേടി സംരംഭകരുമെത്തി. കളമശേരി കിൻഫ്ര പാർക്കിലെ സ്റ്റാർട്ടപ്പ് കോപംക്സിൽ ഇന്നും നാളെയും നടക്കുന്ന ഹാർഡ് ടെക് കോൺക്ളേവിൽ ചാൾസിന്റെ ചെത്തുയന്ത്രം പ്രദർശിപ്പിക്കുന്നുണ്ട്.

കമ്പനിക്ക് നിക്ഷേപം ലഭിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ ഉത്പാദനം തുടങ്ങും. തുടർന്നാകും വാണിജ്യ അടിസ്ഥാനത്തിലുള്ള വിപണനം.

കേരളത്തിൽ പ്രയാസം

കടുത്ത അബ്കാരി നിയമങ്ങളുള്ളതിനാൽ സർക്കാർ ഇടപെടലും യൂണിയനുകളുടെ പിന്തുണയും ലഭിച്ചാലേ കേരളത്തിൽ ഈ ടാപ്പിംഗ് മെഷീൻ അവതരിപ്പിക്കാനാവൂ. അതിനൊന്നും ശ്രമിച്ചിട്ടില്ല. വിദേശ രാജ്യങ്ങളുടെ താത്പര്യമാണ് മുന്നോട്ടു നയിക്കുന്നത്.

ചാൾസ് വിജയ് വർഗീസ്