കൊച്ചി : സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ഡയറക്ടർ ജെസി ജോസഫ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാൽ ഇതു നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം എളംകുളം സ്വദേശി ഡോ. ജോണി സിറിയക് നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം. പൊതുപ്രവർത്തകനായ ശ്രീകുമാർ നൂറനാട് നൽകിയ പരാതിയിൽ സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാൻ ചില നിർദ്ദേശങ്ങൾ വ്യക്തമാക്കി മനുഷ്യാവകാശ കമ്മിഷൻ 2016 ആഗസ്റ്റ് അഞ്ചിന് ഉത്തരവിറക്കിയിരുന്നെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. കമ്മിഷന്റെ നിർദ്ദേശാനുസരണം പാഠപുസ്തകങ്ങൾ ഒന്നിലേറെ ഭാഗങ്ങളാക്കി മാറ്റി. 2016 -17 അദ്ധ്യയന വർഷത്തിൽ രണ്ടു ഭാഗമാക്കിയ പുസ്തകങ്ങൾ കമ്മിഷന്റെ ഉത്തരവിനെത്തുടർന്ന് 2017 - 18 മുതൽ മൂന്നു ഭാഗമാക്കാൻ തീരുമാനിച്ചു. ഓരോ ഭാഗവും 60 പേജുകളിൽ കൂടരുതെന്ന് നിഷ്കർഷിച്ചിട്ടുണ്ട്.

ഹർജിയിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകിയില്ലെങ്കിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് മാർച്ച് 28 ന് വ്യക്തമാക്കിയിരുന്നു.

സ്കൂൾ അധികൃതർ ചെയ്യേണ്ടത്

ഭാരം കുറഞ്ഞ വസ്തുക്കൾ കൊണ്ടു നിർമ്മിച്ച ബാഗുകളാണെന്ന് ഹെഡ്മാസ്റ്റർമാർ ഉറപ്പാക്കണം.

വാട്ടർ ബോട്ടിലുകൾ ഒഴിവാക്കി ക്ളാസ് മുറികളിൽ കുടിവെള്ളം ലഭ്യമാക്കണം.

വലിപ്പവും പേജും കുറഞ്ഞ നോട്ട് ബുക്കുകളാവണം ഉപയോഗിക്കേണ്ടത്.

കുട്ടികളുടെ ബാഗ് പരിശോധിച്ച് അനാവശ്യ സാധനങ്ങൾ കൊണ്ടു വരുന്നില്ലെന്ന് ടീച്ചർമാർ ഉറപ്പാക്കണം.