കൊച്ചി: മാർച്ച് 18 ന് ശബരിമലയിൽ ദർശനത്തിനെത്തിയ തമിഴ്‌നാട് സ്വദേശിനിയെ ആക്രമിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ചെന്നൈയിലെ അളഗപ്പ നഗർ സ്വദേശിനി രാജത്തെ മരക്കൂട്ടത്തു വച്ച് ഒരു സംഘം തടഞ്ഞ് ആക്രമിച്ച സംഭവം വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് നൽകിയ റിപ്പോർട്ടിന്മേലാണ് ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പൊലീസിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. മാർച്ച് 18 ന് വൈകിട്ട് ഏഴരയോടെയാണ് ശബരിമല കർമ്മ സമിതി പ്രവർത്തകർ ഇവരെ തടഞ്ഞത്. സന്നിധാനത്തിന്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ ഇക്കാര്യം വ്യക്തമാക്കി സ്പെഷ്യൽ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇവരെ ആക്രമിച്ചതിനും സംഭവമറിഞ്ഞെത്തിയ പൊലീസ് സംഘത്തിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും രണ്ട് കേസുകൾ 18 പേർക്കെതിരെ പമ്പ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ശബരിമല കർമ്മ സമിതി, അന്താരാഷ്ട്ര ഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യ വേദി, ആചാര സംരക്ഷണ സമിതി, വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകളുടെ പ്രവർത്തകർ മരക്കൂട്ടം, പാറമട, ജീപ്പ് റോഡ് ജംഗ്ഷൻ, കെ.എസ്.ഇ.ബി ജംഗ്ഷൻ, നടപ്പന്തൽ, വാവരു നട, താഴേ തിരുമിറ്റം, മാളികപ്പുറം, അന്നദാന മണ്ഡപം, പൊലീസ് മെസ് എന്നിവിടങ്ങളിലാണ് സംഘം ചേരുന്നതെന്നും സ്ത്രീകളെ തടഞ്ഞ് രേഖകൾ പരിശോധിക്കുകയാണ് ഇവർ ചെയ്യുന്നതെന്നും റിപ്പോർട്ടിനൊപ്പമുള്ള രേഖകളിൽ പറയുന്നു.