george-alencherry-

കൊച്ചി : എറണാകുളം - അങ്കമാലി അതിരൂപതയുടെ ഭൂമി അന്യായമായി വിറ്റ് സഭയ്ക്ക് വൻ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കും മറ്റും എതിരെ ചൊവ്വര സ്വദേശി പാപ്പച്ചൻ നൽകിയ ഹർജി കേസെടുത്ത് അന്വേഷിക്കാൻ എറണാകുളം സി.ജെ.എം കോടതി പൊലീസിന് കൈമാറി.

ആലഞ്ചേരിക്ക് പുറമേ സഭയുടെ മുൻ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവ, സെബാസ്റ്റ്യൻ വടക്കുംപാടൻ, ഇടനിലക്കാരനായിരുന്ന സാജു വർഗീസ് എന്നിവരും ഭൂമി വാങ്ങിയവരുമടക്കം 24 പ്രതികളുണ്ട്. സഭയുടെ ഭൂമി പ്രതികൾ ഗൂഢാലോചന നടത്തി അന്യായമായി വിറ്റെന്നും വിശ്വാസ വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചെയ്തെന്നും ഹർജിയിൽ ആരോപിക്കുന്നു.

സമാനമായ കേസിൽ കർദ്ദിനാളിനും മറ്റും എതിരെ കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയും കഴി​ഞ്ഞ ദി​വസം കേസ് എടുത്തിരുന്നു.

അന്യായത്തി​ൽ പറയുന്നത്:

മെഡിക്കൽ കോളേജിന് ഭൂമി വാങ്ങാൻ 54.56 കോടി രൂപ മതിയെന്നിരിക്കെ 58.57 കോടി രൂപ വായ്പയെടുത്തു. ബാക്കി തുക കർദ്ദിനാളടക്കമുള്ളവർ പങ്കിട്ടെടുത്തു.

വായ്പ തിരിച്ചടയ്‌ക്കാനായി അഞ്ചി​ടത്തെ 301.76 സെന്റ് ഭൂമി വി​റ്റു. സെന്റിന് 15 ലക്ഷം രൂപ വിലയുള്ളി​ടത്ത് 9.05 ലക്ഷത്തിനായി​രുന്നു വി​ല്പന. 27.15 കോടി ലഭി​ക്കേണ്ടി​ടത്ത് 9.13 കോടിയേ കി​ട്ടി​യുള്ളൂ. ബാക്കി 18.01 കോടി പ്രതികൾ കൈക്കലാക്കി.

നാലാം പ്രതി സജു വർഗീസിന് ഭാരത് മാതാ കോളേജിന് എതിർവശത്തുള്ള 60.29 സെന്റ് ഭൂമി 3.99 കോടി രൂപയ്‌ക്ക് തീറാധാരം നൽകി. നികുതിയിനത്തിലുള്ള 3,99,700 രൂപ മാത്രമാണ് സാജു കൈമാറി​യത്. പണം ലഭിക്കാതെ കർദ്ദിനാൾ ആധാരം രജിസ്റ്റർ ചെയ്തു നൽകി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.