blo

കൊച്ചി: ഇന്ത്യയിലാദ്യമായി തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച 'ബ്ലഡ് സെൽ കൗണ്ടർ" എന്ന രോഗനിർണയ ഉപകരണം പുറത്തിറക്കി. കൊച്ചിയിലെ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് ലിമിറ്റഡാണ് എൽ ആൻഡ് ടി ടെക്‌നോളജി സർവീസസിന്റെ സഹകരണത്തോടെ ഉപകരണം വികസിപ്പിച്ചത്. ഡങ്കി, എലിപ്പനി, അലർജികൾ, ലുക്കീമിയ, ടൈഫോയിഡ്, അനീമിയ തുടങ്ങിയ രോഗങ്ങളുടെ കൃത്യവും വേഗമേറിയതും ചെലവു കുറഞ്ഞതുമായ നിർണയത്തിന് ഉപകരണം സഹായിക്കുമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്‌ടർ തോമസ് ജോൺ പറഞ്ഞു.

അമേരിക്ക, ജപ്പാൻ, യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണത്തിന് വില മൂന്നര ലക്ഷം രൂപയോളമാണ്. എന്നാൽ, അഗാപ്പെ ഉപകരണം ഒന്നേ മുക്കാൽ ലക്ഷം രൂപയ്ക്ക് ലഭ്യമാക്കും. ഇതുവഴി പരിശോധനാ ചെലവും പകുതിയായി കുറയും. അഗാപ്പെയുമായി സഹകരിച്ച് കൂടുതൽ ഉപകരണങ്ങൾ വികസിപ്പിക്കുമെന്ന് എൽ.ടി.ടി.എസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്‌ടറുമായ കേശബ് പാണ്ഡെ പറഞ്ഞു. മൂവാറ്റുപുഴയ്ക്കടുത്ത് നെല്ലാട് കിൻഫ്ര പാർക്ക്, പട്ടിമറ്റം, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ അഗാപ്പെക്ക് ഗവേഷണ നിർമ്മാണ യൂണിറ്റുകളുണ്ട്.