ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കട്ടേപ്പാടം പാടശേഖരത്തിലൂടെയുള്ള അശോകപുരം - പൈപ്പുലൈൻ റോഡിൽ വീണ്ടും മാലിന്യം നിറയുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ നേരത്തെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ കുറച്ചുനാൾ നിലച്ചെങ്കിലും വീണ്ടും രൂക്ഷമായ അവസ്ഥയാണിപ്പോൾ. രാത്രിയുടെ മറവിൽ വാഹനങ്ങളിലാണ് മാലിന്യങ്ങൾ തള്ളുന്നത്.
ഗാർഹിക മാലിന്യങ്ങൾ മുതൽ ഇറച്ചിക്കടകൾ, കോഴി ഫാമുകൾ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യങ്ങളും ഇതിലുണ്ട്. മാലിന്യം നിറയുന്നത് പ്രദേശത്ത് ദുർഗന്ധം പരത്തുകയാണ്. പഞ്ചായത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുവരെ ഇവിടെ മാലിന്യമത്തെുന്നുണ്ട്. പാടശേഖരത്തിലും ഇതിന്റെ പല ഭാഗത്തും മാലിന്യങ്ങൾ കെട്ടിക്കിടക്കുകയാണ്. വേഗത്തിൽ മാലിന്യ ചാക്കുകൾ തള്ളി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനാൽ പലപ്പോഴും ഇവ റോഡിൽത്തന്നെ പതിക്കുന്നു. വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ റോഡിൽ പരക്കുന്നു. പാടശേഖരത്തിലെ തോടുകളും വെള്ളക്കുഴികളും മാലിന്യം നിറഞ്ഞിരിക്കുന്നു. റോഡരുകിൽ മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നുമുണ്ട്. ജനവാസ കേന്ദ്രമല്ലാത്തതിനാൽ മാലിന്യം കൊണ്ടിടുന്നത് പിടിക്കാനാകുന്നില്ല.
കൃഷി ചെയ്തിരുന്ന പാടശേഖരം ഏതാനും വർഷങ്ങളായി തരിശുകിടക്കുകയാണ്. പല ഭാഗവും നികത്തിപ്പോയിരുന്നു. സീപോർട്ട് എയർപോർട്ട് റോഡ് രണ്ടാം ഘട്ടം കടന്ന് പോകേണ്ടത് പാടശേഖരത്തിലൂടെയാണ്. ക്രയ വിക്രയം നടക്കാത്തതിനാൽ പാടശേഖരത്തിലേക്ക് ആരും തിരിഞ്ഞ് നോക്കാറുമില്ല. ഇതും മാലിന്യം തള്ളുന്നവർക്ക് ഉപകാരമാവുന്നു. ഇതിനിടയിൽ കുറച്ചുഭാഗത്ത് പ്രളയശേഷം അടയാളം പ്രവർത്തകർ കൃഷി ഇറക്കിയിരുന്നു. ആ സമയത്ത് മാലിന്യ പ്രശ്‌നത്തിന് കുറച്ച് അറുതിവന്നിരുന്നതാണ്.