gail

കൊച്ചി : പുതുവൈപ്പിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഗ്യാസ് അതോറിട്ടി ഒഫ് ഇന്ത്യയ്ക്ക് (ഗെയിൽ) രണ്ടു മാസം കൂടി പ്രവർത്തനാനുമതി നൽകി ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കഴിഞ്ഞ മാർച്ച് 31നാണ് സെസ് മേഖലയിലെ ഗെയിലിന്റെ കാലാവധി കഴിഞ്ഞത്. വിദേശ നാണ്യം നേടിത്തരാത്ത പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക സാമ്പത്തിക മേഖലാ കമ്മിഷണർ അനുമതി പുതുക്കി നൽകിയില്ലെന്നാരോപിച്ച് ഗെയിൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.

പോർട്ട് ട്രസ്റ്റിന്റെ ഭൂമിയിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ പോർട്ട് ട്രസ്റ്റും പെട്രോനെറ്റും എൽ.എൻ.ജി ലിമിറ്റഡുമാണ് എൽ.എൻ.ജി പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഗെയിലിന് ഡെസ്പാച്ച് ടെർമിനൽ സ്ഥാപിക്കാൻ 2010 ജൂലായ് 27നാണ് കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലാ കമ്മിഷണർ അനുമതി നൽകിയത്.

തുടർന്ന് വാതക വിതരണത്തിന് പോർട്ട് ട്രസ്റ്റുമായി ഗെയിൽ ധാരണയായി. 2009 ഡിസംബർ മുതൽ 30 വർഷത്തേക്ക് ഒരു ഹെക്ടർ ഭൂമി പാട്ടത്തിന് കൈമാറിയായിരുന്നു ധാരണ. വിദേശ നാണ്യം നേടിത്തരാത്ത സ്ഥാപനമെന്ന നിലയിൽ ഗെയിലിന് പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കാൻ തടസമുണ്ടായിരുന്നു. ഇതു മറികടക്കാൻ ഉണ്ടാക്കിയ ബോണ്ട് പ്രകാരം 2018 ആഗസ്റ്റ് 25 വരെയും പിന്നീട് 2019 മാർച്ച് 31 വരെയും അനുമതി നൽകി.

വിദേശ നാണ്യം നേടിത്തരണമെന്ന വ്യവസ്ഥ പാലിക്കാൻ സമ്മർദ്ദമുണ്ടെന്നും ഇക്കാരണത്താലാണ് അനുമതി പുതുക്കാത്തതെന്നും ഹർജിയിൽ ആരോപിക്കുന്നു. ആഭ്യന്തര താരിഫ് മേഖലയായി ഈ സ്ഥലത്തെ പുനർവിജ്ഞാപനം ചെയ്യണമെന്ന് പോർട്ട് ട്രസ്റ്റിന് നൽകിയ അപേക്ഷ കേന്ദ്ര സർക്കാരിന് സമർപ്പിക്കാൻ നിർദേശിക്കണമെന്നും പറയുന്നു. തുടർന്നാണ് അനുമതി നീട്ടി നൽകാൻ ഹൈക്കോടതി നിർദേശിച്ചത്.