benny-behnan-in-hospital

തൃക്കാക്കര: ചാലക്കുടിയിലെ സ്ഥാനാർത്ഥിയും യു.ഡി.എഫ് കൺവീനറുമായ ബെന്നി ബഹനാനെ ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ആൻജിയോ പ്ളാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്‌തികരമാണ്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ബെഹനാനെ ഇന്ന് വൈകിട്ടോടെ മുറിയിലേക്ക് മാറ്റും. പത്ത് ദിവസത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ബെഹനാന് ഇന്നലെ പുലർച്ചയാണ് അസ്വസ്ഥതയുണ്ടായത്. മൂന്നരയോടെ കാക്കനാട് സൺറൈസ് ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ ഇടത് ഹൃദയധമനിയിൽ തടസം കണ്ടെത്തിയതോടെ അടിയന്തരമായി ആൻജിയോപ്ളാസ്റ്റി നടത്തുകയായിരുന്നു. ഡോ. പ്ലാസൻ വർഗീസ്, ഡോ. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ. ബെന്നിയുടെ ആരോഗ്യനില ഭദ്രമാണെന്ന് മകൻ വേണു തോമസ് അറിയിച്ചു. ഹൃദയത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ. ഹഫീസ് റഹ്‌മാൻ പറഞ്ഞു. 48 മണിക്കൂർ നിരീക്ഷണത്തിലാണിപ്പോൾ. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ ഫോണിൽ വിവരങ്ങൾ തിരക്കി. ചാലക്കുടിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെ.വി. തോമസ്, വയലാർ രവി തുടങ്ങിയവർ ആശുപത്രിയിലെത്തി.

പ്രചാരണച്ചുമതല എം.എൽ.എ മാർക്ക്

 ഉമ്മൻചാണ്ടി നേരിട്ട് നിയന്ത്രിക്കും

ബെന്നി ബഹനാൻ ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായ സാഹചര്യത്തിൽ ചാലക്കുടി മണ്ഡലത്തിലെ പ്രചാരണച്ചുമതല നാല് എം.എൽ.എമാരെ ഏല്പിച്ചു. വി.പി. സജീന്ദ്രൻ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, റോജി എം.ജോൺ എന്നിവർക്കാണ് ചുമതല. കൊടുങ്ങല്ലൂരിൽ വി.ഡി. സതീശനും കൈപ്പമംഗലം, ചാലക്കുടി മണ്ഡലങ്ങളിൽ മറ്റു നാല് എം.എൽ.എമാരും സംസ്ഥാന നേതാക്കളും പര്യടനം നടത്തും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി നേരിട്ടെത്തി പ്രചാരണം നിയന്ത്രിക്കും. ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന റോഡ്‌ ഷോകളും സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.ജെ. ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.