കൊച്ചി : വേനലവധിക്കാലത്ത് സി.ബി.എസ്.ഇ സ്കൂളുകളിൽ കർശന ഉപാധികളോടെ 20 ദിവസം വരെ ക്ളാസ് നടത്താൻ ഹൈക്കോടതി അനുമതി നൽകി. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ എത്ര ക്ളാസ് നഷ്ടപ്പെട്ടു, വേനൽക്കാലത്ത് എത്ര ക്ളാസുകൾ വേണം എന്നീ കാര്യങ്ങൾ വ്യക്തമാക്കുന്ന പി.ടി.എയുടെ പ്രമേയമടക്കമുള്ള അപേക്ഷ സ്കൂൾ പ്രിൻസിപ്പൽമാർ സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർക്ക് നൽകണം. തുടർന്ന് എത്ര ദിവസം ക്ളാസ് വേണമെന്ന് ഡയറക്ടർ തീരുമാനിക്കണം. പരമാവധി 20 ദിവസമേ അനുവദിക്കാവൂ. വേനലവധിക്കാലത്ത് സ്കൂളുകളിൽ ക്ളാസ് നടത്തുന്നത് തടഞ്ഞുകൊണ്ടുള്ള സർക്കാരിന്റെ സർക്കുലറിനെതിരെ തൃപ്പൂണിത്തുറയിലെ എസ്.ഡി.കെ.വൈ ഗുരുകുല വിദ്യാലയമടക്കം പത്ത് സ്കൂളുകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കുടിവെള്ളം, ബസ് സൗകര്യം, ക്ളാസ് മുറികളിൽ ഫാൻ തുടങ്ങിയവ ഒരുക്കണമെന്ന് ഉത്തരവിൽ പറയുന്നു.