ipl

കൊച്ചി: രാജ്യത്ത് ഐ.പി.എൽ മത്സരങ്ങളെ മറയാക്കി പുറത്ത് കോടികളുടെ ഓൺലൈൻ ബെറ്റിംഗ് നടക്കുന്നതായി വിവരം. സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടെലിഗ്രാം, വാട്ട്സ്ആപ്പ് എന്നിവ കേന്ദ്രീകരിച്ചാണ് വാതുവയ്പ്പ്. ഐ.എസ്.എൽ മത്സരങ്ങൾക്കിടെയും വാതുവയ്പ്പ് ഗ്രൂപ്പുകൾ സജീവമായിരുന്നു. രാജ്യത്ത് വാതുവയ്പ്പിനെതിരെ നേരത്തേ ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും പൂർണമായി തടയാൻ കഴിഞ്ഞിട്ടില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ അടിവരയിടുന്നത്.

അതീവ രഹസ്യമായി നടക്കുന്ന വാതുവയ്പ്പിൽ നിരവധിപേരാണ് പണമെറിഞ്ഞ് പണം വാരുന്നത്. പ്രത്യേകം രൂപീകരിച്ച ഗ്രൂപ്പിൽ അംഗമാകുന്ന ആർക്കും വാതുവയ്പ്പിൽ പങ്കെടുക്കാം. എന്നാൽ, അത്ര എളുപ്പത്തിൽ ഗ്രൂപ്പിൽ അംഗമാകാൻ കഴിയില്ല. വാതുവയ്പ്പ് സംഘങ്ങൾ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുകയും ഇത് ഗ്രൂപ്പ് അഡ്മിനടക്കം വിശ്വാസയോഗ്യവുമായാൽ മാത്രമേ പ്രവേശനം ലഭിക്കൂ. ഇതുകൊണ്ടും തീർന്നില്ല. ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്ന ലിങ്കിൽ കയറി പണം നൽകണം. 3,​000 രൂപയാണ് ഏറ്റവും കുറഞ്ഞ ബെറ്റിംഗ് ചാർജ്.

ടോസ്, സിക്‌സ്, ഫോർ,വിക്കറ്റ്, സ്കോർ തുടങ്ങി മത്സരത്തിനിടെ നടക്കുന്നതെല്ലാം വാതുവയ്പ്പിന് വിഷയമാകും. പ്രവചനം കൃത്യമായാൽ ഓൺലൈനായി തന്നെ പണമെത്തും. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചതായാണ് വിവരം. ഐ.പി.എൽ 12-ാം സീസൺ മികച്ച രീതിയിൽ പുരോഗമിക്കവെ വാതുവയ്പ്പ് സജീവമാണെന്ന് തെളിയിച്ചുകൊണ്ട് നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. വഡോദരയിൽ ഇന്ത്യൻ വനിതാ ടീമിന്റെ മുൻ കോച്ച് തുഷാർ അറോത്തയാണ് പിടിയിലായവരിലെ പ്രമുഖൻ.

മൊബൈൽ ബെറ്റിംഗ്
വ്യത്യസ്തമായ മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് അറോത്തയടക്കം വാതുവയ്പ്പ് നടത്തിയത്. ബെറ്റിംഗ് ആപ്പ് കണ്ടെത്തിയെങ്കിലും ഇതിന്റെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഐ.പി.എൽ വാതുവയ്പ്പുമായി ബന്ധപ്പെട്ട് നടന്ന രണ്ടാമത്തെ അറസ്റ്റായിരുന്നു ഇത്. ഏപ്രിൽ രണ്ടിന് നടന്ന മത്സരത്തിനിടെ വാതുവയ്പ്പ് നടത്തിയതിന്റെ പേരിൽ 15 പേർ അജ്മീറിൽ അറസ്റ്റിലായിരുന്നു. ഇവിടുത്തെ ഒരു അപ്പാർട്ട്‌മെന്റിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് 15 പേർ പിടിയിലായത്. ഇവരിൽ നിന്ന് 54,000 രൂപ, 82 മൊബൈൽ ഫോണുകൾ, നാല് ടിവി, ആറ് ലാപ്ടോപ്പ്, വൈഫൈ ഡോങ്കിൾ, ഹാർഡ് ഡിസ്‌ക് എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.

അകത്താകും
ഇന്ത്യയിൽ കുതിര പന്തയം, ലോട്ടറി എന്നിവ ഒഴിച്ച് കായിക മത്സരങ്ങളെ ബന്ധപ്പെടുത്തിയുള്ള വാതുവയ്പ്പ് കർശനമായി നിരോധിച്ചിട്ടുണ്ട്. വാതുവയ്പ്പിൽ പങ്കെടുത്ത് പിടിക്കപ്പെട്ടാൽ ജയിൽ വാസവും പിഴയും ഉറപ്പാണ്. കായിക താരങ്ങൾ വാതുവയ്പ്പിൽ ബന്ധപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാൽ ആജീവനാന്ത വിലക്ക് നൽകാനും ബന്ധപ്പെട്ട അസോസിയേഷന് അധികാരമുണ്ട്.