chennithala-against-yogi
chennithala against yogi

കൊച്ചി: ഇന്ത്യയിലെ യഥാർത്ഥ വൈറസ് ബി.ജെ.പിയും സംഘപരിവാറുമാണെന്നും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ജനം ഈ വൈറസുകളെ തുടച്ചുനീക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ വോട്ടും വാക്കും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാജയം ഉറപ്പായതോടെ ബി.ജെ.പി പച്ചയായ വർഗീയത പ്രചരിപ്പിക്കുകയാണ്. നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും വർഗീയ വിഷം ചീറ്റുന്നു. മുസ്ളിംലീഗ് വൈറസാണെന്ന ആദിത്യനാഥിന്റെ പരാമർശം പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല. മുസ്ളിംലീഗ് മതേതര പാർട്ടിയാണ്. പാർലമെന്റിൽ പ്രാതിനിദ്ധ്യമുണ്ട്. പല സംസ്ഥാനങ്ങളിലും പ്രതിനിധികളുണ്ട്. ആദിത്യനാഥിനെതിരെ ചട്ട ലംഘനത്തി​ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കേസെടുക്കണം. രാഹുൽഗാന്ധി ഹിന്ദു മേഖലയിൽ നിന്ന് ഒളിച്ചോടി വയനാട്ടിൽ മത്സരിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പരമാർശം കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതാണ്. വയനാട്ടിൽ 52 ശതമാനം ജനങ്ങളും ഹിന്ദുക്കളാണ്. എല്ലാ വിഭാഗവും സൗഹാർദത്തോടെ ജീവിക്കുന്ന നാട്ടിൽ ജാതിയുടെയും ഉപജാതിയുടെയും പേരുപറഞ്ഞ് ചേരി തിരിവ് സൃഷ്ടിക്കാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.