മൂവാറ്റുപുഴ : തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശിക വിതരണം ചെയ്യണമെന്ന് എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു . കൂലി കുടിശിക നൽകണമെന്നാവശ്യപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികൾ പായിപ്ര ഗ്രാമപഞ്ചായത്തിന് മുന്നിലേയ്ക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വേതന ഇനത്തിൽ ആറ് കോടിയോളം രൂപയും , മെറ്റീരിയൽ ഇനത്തിൽ മൂന്ന് കോടിയോളം രൂപയും അടക്കം ഒമ്പത് കോടിയോളം രുപ കുടിശികിയാണ്. പായിപ്ര ഗ്രാമപഞ്ചായത്തിൽ മാത്രം ഒരു കോടിയോളം രൂപ വിതരണം ചെയ്യാനുണ്ട്. 2018ഡിസംബർ 18 നാണ് അവസാനമായി തൊഴിലാളികൾക്ക് വേതനം ലഭിച്ചത്. കഴിഞ്ഞ മാർച്ചിൽ ഒരു കോടിയോളം രൂപ ലഭിച്ചുവെങ്കിലും ഏതാനും ചില പഞ്ചായത്തുകളിലെ കുറച്ച് പേർക്ക് വിതരണം ചെയ്യാനായി. . പഞ്ചായത്തിലെ 21വാർഡുകളിൽ നിന്നുള്ള തൊഴിലാളികളാണ് മാർച്ചിൽ പങ്കെടുത്തത്. പഞ്ചായത്ത് മെമ്പർ മറിയം ബീവി നാസർ അദ്ധ്യക്ഷത വഹിച്ചു.വി.എച്ച്.ഷഫീഖ് സ്വാഗതം പറഞ്ഞു. കെ.പി.രാമചന്ദ്രൻ, ഒ.കെ.മോഹനൻ, ആർ.സുകുമാരൻ, വി.എം.നവാസ്, നസീമ സുനിൽ, പി.എസ്.ഗോപകുമാർ, സി.കെ.സിദ്ധീഖ്, ആമിന മുഹമ്മദ് റാഫി എന്നിവർ പ്രസംഗിച്ചു.