ramesh-chennithala-kifbi-
ramesh chennithala kifbi bond allegation

കൊച്ചി : എസ്.എൻ.സി ലാവ്‌ലിനിൽ ഇരുപതു ശതമാനം ഷെയറുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ് കിഫ്ബി മസാല ബോണ്ട് ഏറ്റവും കൂടുതൽ വാങ്ങി​യതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വില്പനയുടെ എല്ലാ വിവരങ്ങളും സർക്കാർ പുറത്തു വിടണമെന്ന് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

2150 കോടി രൂപയുടെ മസാല ബോണ്ടുകൾ വിറ്റഴിച്ചെന്നാണ് സർക്കാർ പറഞ്ഞത്. കാനഡയിലെ അറിയപ്പെടുന്ന ഗ്ളോബൽ ഫണ്ടിംഗ് സ്ഥാപനമാണ് സി.ഡി.പി.ക്യു. 9.8 ശതമാനം കൊള്ളപ്പലിശയ്ക്കാണ് ബോണ്ടുകൾ വിറ്റത്. ലാഭം കമ്പനിക്കും നഷ്ടം സർക്കാരിനും. വലിയ അഴിമതിയുടെ ഭാഗമാണി​ത്. മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്തു വന്നിട്ടുള്ളൂ.

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ ലാവ്‌ലിനുമായി ബന്ധമുള്ള കമ്പനിക്ക് എങ്ങനെ ബോണ്ടുകൾ വാങ്ങാൻ സൗകര്യം ലഭിച്ചെന്ന് വ്യക്തമാക്കണം. വളഞ്ഞ മാർഗത്തിലൂടെ ലാവ്‌ലിനെ സഹായിക്കാനുള്ള ഇടപാടായി ഇതിനെ കാണണം.

ചെന്നി​ത്തലയുടെ ചോദ്യങ്ങൾ

 ഇടതു സർക്കാർ വരുമ്പോഴെല്ലാം ലാവ്‌ലിനുമായുള്ള ഇടപാടുകൾ ശക്തമാകുന്നത് എന്തുകൊണ്ട്?

 ഇടപാടിൽ മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും പങ്കെന്ത് ?

 സർക്കാർ ബ്ളാക്ക് ലിസ്റ്റിൽ പെടുത്തിയ ലാവ്‌ലിൻ കമ്പനിയുമായി എങ്ങനെ പുതിയ ഇടപാട് ആരംഭിച്ചു ?
 സി.ഡി.പി.ക്യുവുമായും ലാവ്‌ലിനുമായും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും ചർച്ച നടത്തിയിട്ടുണ്ടോ?

 ബോണ്ടുകൾ വാങ്ങിയ മറ്റു കമ്പനികൾ ഏതൊക്കെ?

ദൈവകോപം: മന്ത്രിക്കെതിരെ പരാതി നൽകും

ക്ഷേമ പെൻഷൻ വാങ്ങിയിട്ട് സർക്കാരിന് വോട്ടു ചെയ്തില്ലെങ്കിൽ ദൈവകോപം കിട്ടുമെന്ന ദേവസ്വം മന്ത്രിയുടെ പരാമർശം വോട്ടർമാരെ ഭയപ്പെടുത്തുന്നതാണ്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.