crime

കൊച്ചി: ആ കുഞ്ഞിന്റെ ജീവനുവേണ്ടി മനമുരുകിയ നാടിന്റെ പ്രാർത്ഥന വിഫലമായി. അമ്മയുടെ കാമുകന്റെ അതി ക്രൂരമായ പീഡനങ്ങൾക്കിരയായി ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ പത്തുനാൾ കിടന്ന തൊടുപുഴയിലെ ഏഴുവയസുകാരൻ മരണത്തിന് കീഴടങ്ങി.

കോലഞ്ചേരി മലങ്കര മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്ന കുട്ടിയുടെ നില ഇന്നലെ രാവിലെ മുതൽ ആശങ്കാജനകമായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞതിനു പിന്നാലെ 11.30 ഓടെ കുട്ടിയുടെ പൾസ് നിലച്ചതായി ഡോക്ടർമാർ പറഞ്ഞു.11.32 നാണ് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചത്.

തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി വൈകിട്ടോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം കുട്ടിയുടെ അമ്മയുടെ തൊടുപുഴ കരിമണ്ണൂരിലെ തറവാട്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടി​ തലച്ചോർ പുറത്തുവന്നിരുന്നു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരി​ക്കേറ്റു. ശസ്‌ത്രക്രിയ നടത്തിയെങ്കിലും തലച്ചോറിന്റെ പ്രവർത്തനം ഒരിക്കൽപോലും മെച്ചപ്പെട്ടില്ല. 10 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുരുന്നിന്റെ ജീവൻ നിലനിന്നത്. ഇന്നലെ രാവിലെയോടെ ശരീരം മരുന്നുകളോട് തീർത്തും പ്രതികരിക്കാതായി​. തുടർന്ന് നാഡിമിടിപ്പ് കുറഞ്ഞ് മരണത്തി​ലേക്ക് നീങ്ങുകയായി​രുന്നെന്ന് ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു.

കഴിഞ്ഞ 28ന് വെളുപ്പിനാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. അവനെ കൊല്ലാക്കൊല ചെയ്‌ത അമ്മയുടെ കാമുകൻ അരുൺ ആനന്ദും അന്നുതന്നെ അറസ്റ്റി​ലായി​. കഴിഞ്ഞ വർഷം കുട്ടിയുടെ അച്ഛൻ മരിച്ചതിനുശേഷം അയാളുടെ ബന്ധുവായ അരുൺ ആനന്ദിനൊപ്പം തൊടുപുഴയിലെ വാടകവീട്ടിൽ താമസിക്കുകയായിരുന്നു അമ്മയും മക്കളും.

ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചെന്ന് പറഞ്ഞാണ് ഏഴ് വയസുകാരനെ പുലർച്ചെ രണ്ടുമണിയോടെ മർദ്ദിച്ചത്. വലിച്ചെറിയുകയും തറയിലിട്ട് ചവിട്ടുകയും ചെയ്തു. തലച്ചോർ പുറത്തുവന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുറച്ചുദിവസം ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകിയെങ്കിലും ആന്തരികാവയവങ്ങൾ പ്രവർത്തിക്കാത്തതിനാൽ അത് തുടരാനായി​ല്ല.

കുട്ടിയുടെ അനുജനും അമ്മയും മുത്തശ്ശി​യും മറ്റ് ബന്ധുക്കളും ഇന്നലെ ആശുപത്രിയിലുണ്ടായി​രുന്നു.

രാവിലെ 11.30ന് തുടങ്ങിയ ഇൻക്വസ്റ്റ് വൈകിട്ട് മൂന്നരയോടെയാണ് അവസാനിച്ചത്. പൊലീസ് അകമ്പടിയോടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി​. കുട്ടിയുടെ അച്ഛന്റെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലാണ് എത്തിയത്.

മോർച്ചറിയുടെ മുന്നിൽ ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു.