crime

കൊച്ചി: "ഒരു അത്ഭുതത്തിന് പോലും അവനെ തിരികെ നൽകാനാവുമെന്ന പ്രതീക്ഷയില്ലായിരുന്നു. അത്രയ്ക്ക് ദയനീയമായിരുന്നു സ്ഥിതി. പക്ഷേ, കേരളം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ അങ്ങനെ സംഭവിച്ചാലോ എന്ന് കരുതി." പറയുന്നത് തൊടുപുഴയിലെ കുഞ്ഞിനെ പത്തുനാൾ ചികിത്സിച്ച കോലഞ്ചേരി മലങ്കര മെഡിക്കൽ കോളേജിലെ ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. ജി.ശ്രീകുമാർ.

28ന് രാവിലെ ആറുമണിയോടെയാണ് ആശുപത്രിയിൽ ബാലനെ എത്തിക്കുന്നത്. തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. നേരിയ ചലനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

ഒരു നിമിഷം പോലും ആലോചിക്കാതെ ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റി. 20 മിനിട്ട് നീണ്ടുനിന്നു ശസ്ത്രക്രിയ. ആദ്യനോട്ടത്തിൽ കണ്ടതിനേക്കാൾ സങ്കീർണമായിരുന്നു സ്ഥിതി. തലച്ചോറിന്റെ ഇടതു വശം വലതുവശത്തേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. 10 സെന്റിമീറ്റർ നീളത്തിൽ ആഴത്തിലുള്ള മുറിവ് തലയോട്ടിയുടെ മുൻവശത്ത് നിന്ന് പിറകിലേക്ക് നീണ്ടിരുന്നു. തലയോട്ടിയുടെ സ്വാഭാവികമായ വേർതിരിവിനെയും വെട്ടിമുറിച്ചായിരുന്നു മുറിവ്. തലയോട്ടി നീക്കം ചെയ്തായിരുന്നു ശസ്ത്രക്രിയ. ഇടിച്ചുകയറിയ ഭാഗത്തെ നേരെയാക്കി. തലച്ചോറിന്റെ സ്വാഭാവിക പ്രവർത്തനമായ വികസിക്കലും സങ്കോചിക്കലും നടക്കുന്നുണ്ടായിരുന്നില്ല.

വികസിച്ചു തന്നെയിരുന്ന തലച്ചോറിലേക്ക് രക്തം കട്ടപിടിക്കാൻ തുടങ്ങി. രണ്ടാംനാൾ കുടലിന്റെ അനക്കം കണ്ട് ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകി. രണ്ടുദിവസം കൊണ്ട് ആ അനക്കവും നിന്നു. ആന്തരികാവയവങ്ങളൊന്നും പ്രവർത്തിക്കാതായി. രക്തസമ്മർദ്ദം നേരെയാക്കാനുള്ള മരുന്ന് നൽകിയിരുന്നെങ്കിലും ഒടുവിൽ അതും ഫലിക്കാതെ വന്നു. ഇന്നലെ രാവിലെ പതിനൊന്നരയോടെ നാഡിമിഡിപ്പ് കുറഞ്ഞുവന്നു.

കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോൾ പ്രതി അരുൺ ആനന്ദും അമ്മയായ യുവതിയും ഒപ്പമുണ്ടായിരുന്നു. തലയിലെ മുറിവ് എങ്ങനെ പറ്റിയതെന്ന ചോദ്യത്തിന് കുട്ടികൾ വഴക്കിട്ടപ്പോൾ മൂന്നരവയസുകാരൻ തള്ളിയിട്ടെന്നാണ് അരുൺ പറഞ്ഞത്. യുവതിയാവട്ടെ സോഫയിൽ നിന്ന് വീണതാണെന്നും. എന്നാൽ ബൈക്കിൽ നിന്ന് തെറിച്ച് വീഴുമ്പോഴോ ഉയരമുള്ള കെട്ടിടത്തിൽ നിന്ന് വീഴുമ്പോഴോ സംഭവിക്കുന്ന തരത്തിലുള്ള മുറിവായിരുന്നു തലയിലുണ്ടായിരുന്നത്. കട്ടിലിൽ നിന്ന് അതിശക്തിയായി തെറിച്ചുവീണാലോ കട്ടിയുള്ള ആയുധങ്ങൾ കൊണ്ട് മാരകമായി പ്രഹരിച്ചാലോ ഇത്തരം മുറിവുണ്ടാകാം എന്ന് ഡോക്ടർ പറയുന്നു.

മരണത്തിന് കാരണമായത് ഈ മുറിവ് തന്നെയാണ്. കുട്ടിയുടെ ശരീരത്തിൽ 22 ലേറെ മുറിവുകൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും ഒറ്റദിവസം കൊണ്ടുണ്ടായതല്ലെന്നും അദ്ദേഹം പറഞ്ഞു.