culture
അക്ഷയ പുസ്തകനിധി ജൂബിലി ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കുന്നു. ഡോ. എം. ലീലാവതി, പായിപ്ര രാധാകൃഷ്ണൻ, എൽദോഎബ്രാഹാം എം.എൽ.എ, വി.പി. ജോയി , കമാൻഡർ സി.കെ. ഷാജി എന്നിവർ സമീപം

മൂവാറ്റുപുഴ: കവിതയും കഥയും എഴുതാൻ കഴിയുന്ന സർഗാത്മകസിദ്ധികൾ മനുഷ്യരെ കൂടുതൽ മെച്ചപ്പെട്ടവരാക്കിത്തീർക്കുമെന്നുള്ളതുകൊണ്ട് നമ്മുടെ വിദ്യാഭ്യാസം അത്തരം അവസരങ്ങൾ കുട്ടികൾക്കായി നൽകേണ്ടതുണ്ടെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. അക്ഷയ പുസ്തകനിധി ജൂബിലി മൂവാറ്റുപുഴ കബനി പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പായിപ്ര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എബനേസർ സ്‌കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി സ്വാഗതം പറഞ്ഞു.

സംഗീതമുള്ള മനസുകൾ നന്മയുള്ളതായിരിക്കുമെന്ന് അത്തരം സർഗാത്മകതകൾ വറ്റിപ്പോകുമ്പോൾ മനുഷ്യൻ കൂടുതൽ സംഹാരസ്വഭാവമുള്ളവരാകാമെന്നും ഡോ. എം. ലീലാവതി പറഞ്ഞു. കവിതയും സംഗീതവും ഒരുപോലെ സംഗമിക്കുന്ന പ്രതിഭയാണ് അനുജ അകത്തൂട്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഡോ. അനുജ അകത്തൂട്ടിന്റെ അമ്മ ഉറങ്ങുന്നില്ല എന്ന കവിതാസമാഹാരം പി.എസ്. രാജേഷിനും പായിപ്ര രാധാകൃഷ്ണന്റെ ആഴ്ചയുടെ ആകാശം വി.പി. ജോയിക്കും നൽകി ലീലാവതി പ്രകാശിപ്പിച്ചു. വിശുദ്ധസസ്യങ്ങളും വ്രതങ്ങളും എന്ന തന്റെ കൃതിയുടെ ആദ്യകോപ്പി ഗുരുനാഥയായ എം. ലീലാവതിക്ക് പായിപ്ര രാധാകൃഷ്ണൻ സമർപ്പിച്ചു. വീട്ടൂർ എബനേസർ സ്‌കൂളിന് കൈമാറാനായി പായിപ്രയുടെ ഹസ്താക്ഷര ശേഖരപ്രദർശനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷാ ശശിധരൻ പ്രസംഗിച്ചു. അനുജ അകത്തൂട്ട് സ്വന്തം കവിതയും മഹേഷ് മോഹൻ നാടൻപാട്ടും അവതരിപ്പിച്ചു. നീലക്കുറിഞ്ഞി എന്ന ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച ബേസിൽ എൽദോസിനെ അനുമോദിച്ചു. തുടർന്ന് നീലക്കുറിഞ്ഞിയുടെ പ്രദർശനവും അണിയറ പ്രവർത്തകർക്കുള്ള ഉപഹാര സമർപ്പണവും നടത്തി.