നെടുമ്പാശേരി: തുടർച്ചയായ രണ്ടാം സാമ്പത്തിക വർഷവും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് (സിയാൽ) ഒരു കോടി യാത്രക്കാർ എന്ന നേട്ടം. സിസാൽ വഴി 2018-19ൽ 1.02 കോടിപ്പേരാണ് യാത്ര ചെയ്‌തത്. 2017-18ൽ കൊച്ചി വഴി 1.01 കോടിപ്പേർ പറന്നിരുന്നു. പ്രളയംമൂലം 15 ദിവസം അടച്ചിടേണ്ടി വന്നെങ്കിലും ചരിത്രനേട്ടം കഴിഞ്ഞവർഷവും സിയാൽ സ്വന്തമാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും കൂടി ആകെ കൈകാര്യം ചെയ്‌തത് 1.65 കോടി യാത്രികരെയാണ്. പ്രതിദിനം 27,948 പേരായിരുന്നു സിയാലിലെ ശരാശരി യാത്രക്കാർ. 52.68 ലക്ഷം പേർ ആഭ്യന്തര യാത്രക്കാരും 49.32 ലക്ഷം രാജ്യാന്തര യാത്രക്കാരുമാണ്. സിയാലിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണം രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തേക്കാൾ കൂടുന്നത് ആദ്യമാണ്. മൊത്തം ടേക് ഓഫ്/ ലാൻഡിംഗ് എണ്ണം 71,871 ആയി ഉയർന്നു. 2017-18ൽ ഇത് 69,665 ആയിരുന്നു.
1999 ജൂൺ പത്തിനാണ് സിയാലിൽ ആദ്യ വിമാനമിറങ്ങിയത്. ഇതിനകം 8.39 കോടി പേർ സിയാലിലൂടെ കടന്നുപോയി. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധന ഉൾക്കൊള്ളാൻ അത്യാധുനിക സൗകര്യങ്ങളോടെ ടെർമിനലുകൾ നവീകരിച്ചു. ഏപ്രിലിൽ നിലവിൽ വന്ന വേനൽക്കാല സമയക്രമമനുസരിച്ച് പ്രതിവാരം 1,672 വിമാന സർവീസുകൾ സിയാലിനുണ്ട്. ഇന്ത്യയിലെ 23 നഗരങ്ങളിലേക്കും 16 വിദേശ നഗരങ്ങളിലേക്കും സിയാലിൽ നിന്ന് നേരിട്ട് വിമാന സർവീസുകളുണ്ട്. സിയാലിന്റെ ആദ്യ സാമ്പത്തിക വർഷത്തിൽ (1999-2000) യാത്രികർ 4.95 ലക്ഷം പേരായിരുന്നു. 2001-02ൽ യാത്രക്കാരുടെ എണ്ണം 7.72 ലക്ഷമായി. 2002-03ൽ യാത്രികർ ആദ്യമായി 10 ലക്ഷം കടന്നു. 2013-14ലാണ് യാത്രക്കാരുടെ എണ്ണം ഒരു സാമ്പത്തികവർഷം 50 ലക്ഷം കടക്കുന്നത്.