കൊച്ചി: പ്രചാരണം കൊടുമ്പിരിക്കൊണ്ട നേരത്ത് സ്ഥാനാർത്ഥി ആശുപത്രിയിലായപ്പോൾ നെഞ്ചിടിച്ച യു.ഡി.എഫ് പുറത്തെടുത്ത തന്ത്രമാണ് ചാലക്കുടി മണ്ഡലത്തിലെ കൗതുകം. നാല് യുവ എം.എൽ.എമാർ ഒറ്റവണ്ടിയിൽ പ്രചാരണം തുടരുന്നതും സ്ഥാനാർത്ഥിയുടെ മക്കൾ വോട്ടു തേടിയിറങ്ങിയതും വോട്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നറിയണം.
കൈവിട്ടുപോയ ചാലക്കുടി സീറ്റ് സിറ്റിംഗ് എം.പിയും സിനിമാതാരവുമായ ഇന്നസെന്റിൽ നിന്ന് തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചാണ് യു.ഡി.എഫ് കൺവീനർ ബെന്നിബഹനാൻ പ്രചാരണമാരംഭിച്ചത്. സീറ്റ് നിലനിറുത്താനുറച്ച് എൽ.ഡി.എഫും മുന്നേറിയതോടെ പോരാട്ടം കനത്തു. പ്രചാരണം തുല്യശക്തിയിൽ മുന്നേറുമ്പോഴാണ് ബെന്നി ബഹനാന് ഹൃദയാഘാതമുണ്ടായത്. ആൻജിയോപ്ളാസ്റ്റിക്ക് വിധേയനായ ബെന്നി പത്തുദിവസമെങ്കിലും പരസ്യപ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. സ്ഥാനാർത്ഥി ആശുപത്രിയിലായതോടെ നേതാക്കൾ ആദ്യമൊന്ന് പതറി. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ ചർച്ചയിൽ ആശയം പിറന്നു. സ്ഥാനാർത്ഥിക്ക് പകരം യുവ എം.എൽ.എമാരായ റോജി എം. ജോൺ (അങ്കമാലി), അൻവർ സാദത്ത് (ആലുവ), വി.പി. സജീന്ദ്രൻ (കുന്നത്തുനാട്), എൽദോസ് കുന്നപ്പള്ളി (പെരുമ്പാവൂർ) എന്നിവർ ഒരുമിച്ച് തുറന്ന വാഹനത്തിൽ പര്യടനം നടത്തി വോട്ടുറപ്പിക്കുക.
ഒറ്റ വണ്ടിയിൽ നാലുപേർ
''ബെന്നിച്ചേട്ടൻ വിശ്രമിക്കൂ, ഞങ്ങൾ തുടരാം'' എന്ന മുദ്രാവാക്യം മുഴക്കി പിറ്റേന്നുതന്നെ എം.എൽ.എമാർ പര്യടനമാരംഭിച്ചു. പ്രവർത്തകരും മുദ്രാവാക്യം വൈകാരികമായി സ്വീകരിച്ചു. പ്രചാരണത്തിന് വലിയ പിന്തുണയാണ് വോട്ടർമാരിൽ നിന്ന് ലഭിക്കുന്നതെന്ന് നേതാക്കൾ പറയുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ വോട്ടർമാർക്കരികിലേക്ക് ഇറങ്ങിച്ചെന്ന് നാൽവർ സംഘം വോട്ട് ചോദിക്കുന്നു. വോട്ടർമാർക്കൊപ്പം സെൽഫിയെടുത്തും പരമാവധി പേരെ ആകർഷിക്കാനാണ് ശ്രമം.
തൃശൂർ ജില്ലയിൽപ്പെട്ട കൈപ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി നിയമസഭാ മണ്ഡലങ്ങളിൽ എം.എൽ.എമാരായ വി.ഡി.സതീശൻ, പി.ടി. തോമസ് എന്നിവരാണ് സ്ഥാനാർത്ഥിക്ക് പകരം പര്യടനം നടത്തുന്നത്. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നേരിട്ടാണ് ദിവസവും പ്രചാരണ പരിപാടികൾ വിലയിരുത്തുന്നത്.
അച്ഛന് വേണ്ടി ആംഗ്യഭാഷയിൽ
ബെന്നി ബെഹന്നാന്റെ മകൻ വേണു തോമസ്, മരുമകൾ ജെയിൻ എന്നിവരും വോട്ട് അഭ്യർത്ഥിക്കുന്നുണ്ട്. സംസാരിക്കാൻ കഴിവില്ലാത്ത ഇരുവരും ആംഗ്യഭാഷയിലാണ് വോട്ട് ചോദിക്കുന്നത്. മകൾ വീണ, മരുമകൻ മനു എന്നിവരും ബെന്നിക്കുവേണ്ടി വോട്ടഭ്യർത്ഥിക്കാൻ രംഗത്തുണ്ട്.