കൊച്ചി: വയനാട്ടിൽ രാഹുൽഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിനു പിന്നിൽ ഗ്രൂപ്പു യുദ്ധത്തിൽ നിന്ന് പുറത്തുകടക്കാമെന്ന ഉമ്മൻചാണ്ടിയുടെ ബുദ്ധിയാണെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം. എറണാകുളം പ്രസ് ക്ളബിൽ വോട്ടും വാക്കും- മുഖാമുഖം പരിപാടിയിലാണ് പ്രതികരണം.
കോൺഗ്രസ് ഗ്രൂപ്പ് മാനേജ്‌മെന്റ് നിർമ്മിച്ച കെണിയിലെ ഇരയാണ് രാഹുൽ ഗാന്ധി. രാഹുൽ വന്നാൽ ഡൽഹിയിൽ നിന്ന് പണമൊഴുകുമെന്ന് മറ്റുള്ളവരും കരുതിക്കാണും. രാഹുലിന് പറ്റിയ എതിരാളി തന്നെയാണ് ഇടതിന്റെ പി.പി. സുനീർ.
ബി.ജെ.പിയിലേക്ക് പോകാൻ എം.പിമാർക്കുള്ള എളുപ്പവഴിയാണ് കോൺഗ്രസെന്നും തൂക്കു മന്ത്രിസഭ വന്നാൽ, ബി.ജെ.പി പണമെറിയുമ്പോൾ കോൺഗ്രസ് എം.പിമാർ കൂടെപ്പോകില്ലെന്ന് ഉറപ്പു പറയാൻ രാഹുൽഗാന്ധിക്കും കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സമീപഭാവിയിൽ സി.പി.എമ്മും സി.പി.ഐയും തത്വാധിഷ്ഠിതമായ പുനരേകീകരണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് തുടർന്നു.