കൊച്ചി : കെ.എസ്.ആർ.ടി.സിയിൽ നിലവിലുള്ള 1565 എംപാനൽ ഡ്രൈവർമാരെ ഈ മാസം 30 നകം പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. റിസർവ് ഡ്രൈവർമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്താത്തതിനെതിരെ 2012ലെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ നൽകിയ അപ്പീലുകളിലാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. എംപാനൽ കണ്ടക്ടർമാരെയും ഹൈക്കോടതി ഉത്തരവ് പ്രകാരം അടുത്തിടെ പിരിച്ചുവിട്ടിരുന്നു. ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തു.
എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടും ഉത്തരവ് നടപ്പാക്കാതെ ട്രേഡ് യൂണിയനുകളെ പ്രീണിപ്പിക്കാൻ മന:പൂർവം ശ്രമിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് അഡ്വൈസ് നൽകാൻ പി.എസ്.സിയോടു നിർദേശിക്കണോ, സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിയമനം നടത്താതിരിക്കണോ എന്നൊക്കെ കെ.എസ്.ആർ.ടി.സിക്ക് തീരുമാനിക്കാം. പക്ഷേ, റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ എംപാനൽ ഡ്രൈവർമാരെ അനുവദിക്കാനാവില്ല.
കേരളത്തിൽ തിരഞ്ഞെടുപ്പ് 23നാണെന്നതിനാൽ കെ.എസ്.ആർ.ടി.സിക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഒരാഴ്ച കൂടി സമയം നൽകിയാണ് 30നകം പിരിച്ചുവിടാൻ നിർദേശിക്കുന്നത്. അതേസമയം എംപാനൽ ഡ്രൈവർമാരെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസുകളെ ഇൗ വിധി ബാധിക്കരുത്.
2012 ആഗസ്റ്റ് 23ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരാണ് ചേർത്തല സ്വദേശി ആർ. വേണുഗോപാൽ ഉൾപ്പെടെയുള്ള ഹർജിക്കാർ. നേരത്തെ ഇവർ നൽകിയ ഹർജിയിൽ, സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവു പ്രകാരം റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്ന 2016 ഡിസംബർ 31ന് മുമ്പ് 2455 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഉത്തരവിനെതിരെ കെ.എസ്.ആർ.ടി.സി പിന്നീട് റിവ്യു ഹർജി നൽകി. സിംഗിൾബെഞ്ച് ഹർജി തള്ളി. എംപാനലുകാരെ ഒഴിവാക്കണമെന്ന ഹർജിക്കാരുടെ ആവശ്യവും അനുവദിച്ചില്ല. തുടർന്നാണ് ഇവർ അപ്പീൽ നൽകിയത്.
കെ.എസ്.ആർ.ടിസിക്ക് മുന്നിൽ
എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടു കൊണ്ടുള്ള ഫെബ്രുവരി 4ലെ വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഡ്രൈവർമാരുടെ കേസിലും ബാധകമാണ്. ആ വിധിയിൽ പറഞ്ഞ കാര്യങ്ങൾ ഇവയാണ്:
1. അടിയന്തര സാഹചര്യങ്ങളിൽ നിയമാനുസൃതം താല്കാലിക നിയമനമാകാം
2. എന്നാൽ, 180 ദിവസത്തേക്ക് മാത്രമേ ഇത്തരം നിയമനങ്ങൾ പാടുള്ളൂ
3. കാലാവധി കഴിഞ്ഞ താല്കാലിക ജീവനക്കാരെ വീണ്ടും നിയമിക്കരുത്
4. എംപ്ളോയ്മെന്റ് വഴി ആളെ കിട്ടുന്നില്ലെങ്കിൽ പി.എസ്.സിയുടെ അനുമതിയോടെ മാത്രം ഇത്തരക്കാരെ വീണ്ടും നിയമിക്കാം
5.യോഗ്യതയുള്ളവർ വരുന്ന മുറയ്ക്ക് താല്കാലികക്കാരെ ഒഴിവാക്കണം