കൊച്ചി: മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ കെ.എം. മാണി ഗുരുതരാവസ്ഥയിൽ. എറണാകുളം ലേക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ആശുപത്രിയിലെത്തി വിവരങ്ങൾ തിരക്കി.
ശ്വാസകോശത്തെ ബാധിച്ച അണുബാധയാണ് സ്ഥിതി ഗുരുതരമാക്കിയത്. ചീഫ് പൾമണോളജിസ്റ്റ് ഡോ. ഹരി ലക്ഷ്‌മണന്റെ നേതൃത്വത്തിലാണ് ചികിത്സ. ആരോഗ്യനില സൂക്ഷ്‌മമായി വിലയിരുത്തുകയാണ്. സന്ദർശകരെ അനുവദിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പനമ്പിള്ളി നഗറിലെ മകളുടെ വീട്ടിൽ നിന്നാണ് കെ.എം. മാണിയെ ശ്വസിക്കാൻ വിഷമം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്. വൃക്കകൾക്ക് തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഡയാലിസിസിനും വിധേയനാക്കി.
ശ്വാസകോശസംബന്ധമായ വിഷമങ്ങൾക്ക് ഏതാനും വർഷമായി അദ്ദേഹം ചികിത്സയിലാണ്. ഇടയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കാറുമുണ്ടായിരുന്നു. ഒരു മാസമായി ലേക്‌ഷോറിൽ തുടർച്ചയായി വന്നുപോയിരുന്നു. മരുമകൻ ഡോ. സുനിൽ ഉൾപ്പെടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിനൊപ്പമുണ്ട്.