ldf
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് എടത്തല പഞ്ചായത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി രാമചന്ദ്രൻ കടന്നപ്പിള്ളിയുമായി സ്നേഹം പങ്കിടുന്നു

ആലുവ: ആവേശം വിതറി, പഴയകാല കഥകൾ ഒാർമിച്ചെടുത്തായിരുന്നു ആലുവയിൽ ഇന്നസെന്റിന്റെ മൂന്നാംഘട്ട പര്യടനം. എടത്തല ചാലേപ്പിള്ളിയിൽ നിന്നാണ് പര്യടനത്തിന് ഇന്നസെന്റ് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുടയിലെ കളിക്കൂട്ടുകാരായ സി.എ ജോണും ബാലചന്ദ്രനും ക്രൈസ്റ്റ് കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യു നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനുമായിരുന്നു ഇന്നലത്തെ പര്യടനത്തിന്റെ ഉദ്ഘാടകൻ.

അന്ന് റാഡിക്കൽ ഫോറം പ്രവർത്തകനായിരുന്ന ജോൺ കടന്നപ്പള്ളിയെ കഴുത്തിനു പിടിച്ച് തള്ളി കാമ്പസിനു പുറത്താക്കുകയായിരുന്നു. കാലമേറെക്കഴിഞ്ഞ് കടന്നപ്പള്ളി എം.പിയായിരുന്നപ്പോൾ നൈജീരിയൻ യാത്രക്കായി എംബസിയിൽ പോകാൻ ഡൽഹിയിലെത്തിയ ജോണിനെ റെയിൽവേസ്‌റ്റേഷനിൽ കടന്നപ്പള്ളി കണ്ടതും പഴയകഥയോർത്ത് ജോൺ തൂണിനു പിറകിലൊളിച്ചതുമെല്ലാം വിവരിച്ചായിരുന്നു ഇന്നസെന്റിന്റെ പ്രചരണ തുടക്കം.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്ത പര്യടനത്തിന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. മോഹനൻ, ജില്ലാ കമ്മിറ്റി അംഗം വി. സലിം, കെ.ഐ. കുഞ്ഞുമോൻ തുടങ്ങിയവർ നേതൃത്വം നൽകി. എടത്തല, കീഴ്മാട്, ആലുവ, ശ്രീമൂലനഗരം പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം കാഞ്ഞൂർ പള്ളിയങ്ങാടി കവലയിൽ സമാപിച്ചു.

ഇന്നത്തെ പര്യടനം ചാലക്കുടിയിൽ രാവിലെ 7.30ന് പരിയാരം ലക്ഷം വീട് പരിസരത്ത് നിന്ന് ആരംഭിക്കും. പൂലാനി കുറുപ്പം വഴി ഏഴ് മണിക്ക് മേലൂർ പള്ളിനടയിൽ സമാപിക്കും.