കൊച്ചി: പമ്പയിലെ ജലക്ഷാമം പരിഹരിക്കാൻ ശബരിഗിരി ജല വൈദ്യുത പദ്ധതിയിലുൾപ്പെട്ട കല്ലാർ, കക്കി ഡാമുകളിൽ നിന്ന് വേണ്ടത്ര വെള്ളം തുറന്നുവിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. വെള്ളം തുറന്നുവിടാൻ സർക്കാരിനും പത്തനംതിട്ട ജില്ലാ ഭരണകൂടത്തിനും കെ.എസ്.ഇ.ബിക്കും നിർദ്ദേശം നൽകണമെന്ന് വ്യക്തമാക്കി ശബരിമല സ്പെഷ്യൽ കമ്മിഷണർ എം. മനോജ് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്.
മാസപൂജയ്ക്കും വിഷു ഉത്സവത്തിനുമായി ഏപ്രിൽ 10ന് നട തുറക്കുന്നതിനുമുമ്പ് നടപടി വേണമെന്നും സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൊച്ചു പമ്പയിലെ തടയണയിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ പമ്പയിൽ കെട്ടിക്കിടക്കുന്ന മലിനജലം ഒഴുകിപ്പോകും. വാട്ടർ അതോറിട്ടിക്ക് പമ്പയിൽ നിന്ന് വെള്ളമെടുക്കാനും കഴിയും. പമ്പയെ ശുചീകരിക്കാൻ ഡാം തുറന്നുവിടുന്നതിന് ഡാം സുരക്ഷാ അതോറിട്ടിയുമായി ആലോചിച്ച് നടപടിയെടുക്കാൻ 2016 ൽ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
ശബരിഗിരി പദ്ധതിയിലുൾപ്പെട്ട ഡാമുകളുടെ കൈകാര്യച്ചുമതല കെ.എസ്.ഇ.ബിക്കാണ്. കാലാകാലങ്ങളിൽ ഇറിഗേഷൻ വകുപ്പിന്റെയും മറ്റും അപേക്ഷകൾ കണക്കിലെടുത്ത് കെ.എസ്.ഇ.ബി ഡാമുകളിലെ ജലം തുറന്നുവിടാറുണ്ട്. ഡാമുകൾ തുറക്കുമ്പോൾ പമ്പയിലും പരിസരങ്ങളിലും മാത്രമല്ല, പുഴയൊഴുകിയെത്തുന്ന സ്ഥലങ്ങളിലൊക്കെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇതിനുള്ള നടപടികൾ പത്തനംതിട്ട ജില്ലാ കളക്ടർ ഏകോപിപ്പിക്കണമെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയതും സ്പെഷ്യൽ കമ്മിഷണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.