കൊച്ചി: അഭയ കേസിൽ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ നടപടി ശരിവച്ചു.
ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് സിംഗിൾബെഞ്ച് വിലയിരുത്തി. ഫാ. ജോസ് പൂതൃക്കയിലിനെതിരെ തെളിവില്ലാത്തതിനാൽ വിചാരണ നേരിടേണ്ടതില്ല. പ്രതികളെക്കുറിച്ച് വിവരങ്ങളില്ലെന്നു വ്യക്തമാക്കി കേസിൽ പലതവണ അന്വേഷണസംഘം നൽകിയ അന്തിമ റിപ്പോർട്ടുകൾ കോടതി തള്ളിയിരുന്നു. പിന്നീട് സി.ബി.ഐ കൊച്ചി യൂണിറ്റിലെ നന്ദകുമാരൻ നായർ നേരത്തെയുള്ള സാക്ഷികളെവച്ചു തന്നെയാണ് മൂന്നു പേരെ പ്രതികളാക്കിയത്.
സിസ്റ്റർ അഭയയുടെ തലയിൽ രണ്ട് മുറിവുകളുണ്ടായിരുന്നു. പൊലീസെടുത്ത ഫോട്ടോകൾ പലതും കാണാനില്ല. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് സെൻട്രൽ ഫോറൻസിക് സയൻസ് ലാബിന്റെ റിപ്പോർട്ടിൽ പറയുന്നെന്നും ഹൈക്കോടതി വിലയിരുത്തി. കുറ്റവിമുക്തരാക്കണമെന്ന ഹർജി സി.ബി.ഐ കോടതി തള്ളിയതിനെതിരെ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നൽകിയ ഹർജികളും ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയും തള്ളിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
കേസ് വിചാരണ ഘട്ടത്തിൽ എത്തിനിൽക്കെ കുറ്റവിമുക്തരാക്കാൻ പ്രതികൾ സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകി. തുടർന്നാണ് ജോസ് പൂതൃക്കയിലിനെ കോടതി കുറ്റവിമുക്തനാക്കിയത്. ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടണമെന്നും വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയുള്ള ഹർജികളാണ് ഹൈക്കോടതി തള്ളിയത്.
അഭയ കേസ്
കോട്ടയം പയസ് ടെൻത് കോൺവെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റർ അഭയയെ 1992 മാർച്ച് 27 നാണ് കോൺവെന്റ് വളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൈംബ്രാഞ്ചും പിന്നീട് സി.ബി.ഐയും അന്വേഷിച്ച കേസിൽ 2008 നവംബർ 19 നാണ് ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ കൊച്ചി യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ഒന്നും രണ്ടു പ്രതികൾക്ക് സെഫിയുമായുണ്ടായിരുന്ന അവിഹിത ബന്ധം അഭയ കണ്ടതിനെത്തുടർന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കി 2009 ജൂലായ് 17 ന് സി.ബി.ഐ കുറ്റപത്രം നൽകി. 133 സാക്ഷികളും 70 രേഖകളുമുള്ള കേസിൽ പ്രതികൾക്ക് പോളിഗ്രാഫ്, ബ്രെയിൻ മാപ്പിംഗ് നാർക്കോ അനാലിസിസ് പരിശോധനകൾ നടത്തിയിരുന്നു.