solar

കൊച്ചി :വയനാട്, എറണാകുളം ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കാൻ നൽകിയ നാമ നിർദേശ പത്രികകൾ വരണാധികാരികൾ തള്ളിയതിനെതിരെ സോളാർ കേസിൽ പ്രതിയായ സരിത. എസ്. നായർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി. തിരഞ്ഞെടുപ്പു നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഇടപെടാനാവില്ലെന്നും ഹർജിക്കാരിക്ക് പിന്നീട് തിരഞ്ഞെടുപ്പ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാമെന്നും സിംഗിൾബെഞ്ച് വ്യക്തമാക്കി. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളിൽ വിചാരണക്കോടതികൾ സരിതക്ക് ശിക്ഷ വിധിച്ചിരുന്നു. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി മൂന്നു വർഷം തടവും 45 ലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്.

ശിക്ഷ വിധിച്ച സാഹചര്യത്തിൽ ജനപ്രാതിനിധ്യ നിയമപ്രകാരം ഹർജിക്കാരിക്ക് മത്സരിക്കാൻ അയോഗ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വിവിധ സുപ്രീം കോടതി വിധികൾ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നൽകി. സൂക്ഷ്മപരിശോധനകൾ പൂർത്തിയാക്കി ബാലറ്റ് തയ്യാറാക്കുന്ന ജോലികൾ തുടങ്ങിയെന്നും ഈ സാഹചര്യത്തിൽ കോടതി ഇടപെടുന്നത് തിരഞ്ഞെടുപ്പു പ്രക്രിയ വൈകിപ്പിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി.